കൊച്ചി: ഒന്നരവയസുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്ന കേസിൽ അറസ്റ്റിലായ പള്ളുരുത്തി പള്ളിച്ചാൽ റോഡിൽ ജോൺ ബിനോയ് ഡിക്രൂസിനെ (28) കോടതി റിമാൻഡ് ചെയ്ത് കാക്കനാട് ജയിലിടച്ചു. പ്രതിയുടെ കാമുകിയും കൊല്ലപ്പെട്ട കുഞ്ഞിന്റെ മുത്തശ്ശിയുമായ സിപ്‌സിയെ കേസിൽ പ്രതിചേർക്കാൻ പൊലീസ് നീക്കംതുടങ്ങി.

അങ്കമാലി കോടിശേരിവീട്ടിൽ സജീവന്റെ മകളായ നോറ മറിയയാണ് കലൂരിലെ ഹോട്ടലിൽ കൊല്ലപ്പെട്ടത്. സിപ്സിയുടെ മകനാണ് സജീവൻ. ഇയാളുടെ കുട്ടികളുമായി ശനിയാഴ്ച മുതൽ ഹോട്ടലിൽ കഴിയുകയായിരുന്നു സിപ്സിയും

ജോൺ ബിനോയും. സിപ്‌സി ഹോട്ടലിന് പുറത്തുപോയ സമയത്തായിരുന്നു കൊലപാതകം. കൊലപാതകം ഇവരുടെ അറിവോടെയാണോയെന്നറിയാൻ വിശദമായ വിവരങ്ങൾ ശേഖരിക്കും. പങ്ക് വ്യക്തമായാൽ പ്രതിചേർക്കും. തനിച്ച് നടത്തിയ കൊലപാതകമെന്നാണ് ജോൺ ബിനോയ് പൊലീസിന് നൽകിയ മൊഴി.

ഭർത്താവ് ഉപേക്ഷിച്ച സിപ്സിക്കൊപ്പം ആറുവർഷം മുമ്പാണ് ബിനോയ് താമസം തുടങ്ങിയത്. സിപ്‌സിയും ബിനോയിയും വിവാഹിതരായിട്ടുണ്ടെന്ന് സിപ്‌സിയുടെ മകൻ സജീവൻ പറഞ്ഞു. ഇരുവരും ഒരുമിച്ചായിരുന്നു താമസം. മറ്റു പുരുഷന്മാരുമായി സിപ്‌സിക്ക് ബന്ധങ്ങളുണ്ടെന്നും സജീവൻ ആരോപിച്ചു.

സിപ്‌സിയും ബിനോയിയും നിരവധി മോഷണ, മയക്കുമരുന്ന് വ്യാപാര കേസുകളിൽ പ്രതിയാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അങ്കമാലി പൊലീസിലുൾപ്പെടെ സിപ്‌സിക്കെതിരെ കേസുകളുണ്ട്. പിടികൂടിയാൽ പൊലീസ് സ്റ്റേഷനിൽ ബഹളംവയ്ക്കുകയും സ്വയം വസ്ത്രങ്ങൾ കീറുകയും ചെയ്യുന്ന പതിവുമുണ്ടെന്ന് പൊലീസ് പറഞ്ഞു.