kodiyeri-balakrishnan

2022 മാർച്ച് 15 ലക്കം യോഗനാദം എഡി​റ്റോറി​യൽ

.......................................................................................

സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറി പദവിയിൽ ശ്രീ.കോടിയേരി ബാലകൃഷ്ണൻ മൂന്നാം വട്ടവും അവരോധിതനായത് അപ്രതീക്ഷിതമായിരുന്നില്ല. കേരളത്തി​ലെ ഭരണസംവിധാനങ്ങളും ഭരണരീതികളും വി​കസന നയസമീപനങ്ങളും മുഖ്യമന്ത്രി​ പിണറായി വിജയന്റെ നേതൃത്വത്തിൽ വലിയൊരു പരിഷ്കരണത്തിന്റെ പാതയിലൂടെ നീങ്ങുമ്പോൾ ശക്തവും ദിശാബോധവുമുള്ള ഭരണം അനിവാര്യമാണ്. അങ്ങനെ നോക്കിയാൽ അദ്ദേഹം വീണ്ടും പാർട്ടി സെക്രട്ടറിയാകുന്നത് കേരളത്തിന് നല്ലതു തന്നെ.

സാർവദേശീയമായും ദേശീയമായും പ്രാദേശികമായും രാഷ്ട്രീയരംഗത്തുണ്ടാകുന്ന നിർണായക മാറ്റങ്ങളുടെ കാലത്ത് കൊച്ചുകേരളത്തി​ലെ ഭരണകക്ഷിയുടെ നായകസ്ഥാനത്തുള്ള പാർട്ടി​യെ നയിക്കുന്ന വ്യക്തിക്കും സുപ്രധാനമായ ഉത്തരവാദിത്തങ്ങളുണ്ട്. പ്രവർത്തനപരി​ചയവും പൊതുരംഗത്തെ അനുഭവസമ്പത്തും കണക്കിലെടുക്കുമ്പോൾ ​സി.പി.എം കേരളഘടകത്തിന്റെ സാരഥ്യം വഹിക്കാൻ ശ്രീ. കോടിയേരി സർവഥാ യോഗ്യനാണ്. കമ്മ്യൂണി​സ്റ്റ് പ്രത്യയശാസ്ത്രമാണ് അദ്ദേഹത്തി​ന്റെ ജീവശ്വാസം.

പാർട്ടിയുടെ ശക്തികേന്ദ്രമായ കണ്ണൂരിൽ സാധാരണ കുടുംബത്തിൽ പിറന്നയാൾ. കേരള സ്റ്റുഡന്റ്സ് ഫെഡറേഷനിലൂടെ പൊതുരംഗത്തെത്തി, പതിനാറാം വയസിൽ പാർട്ടി അംഗം, ലോക്കൽ, ജില്ലാ സെക്രട്ടറി, അടിയന്തരാവസ്ഥക്കാലത്ത് 16 മാസം ജയിൽജീവിതം, അഞ്ചു പ്രാവശ്യം തലശേരി​ എം.എൽ.എ, പ്രതിപക്ഷ ഉപനേതാവ്, വി.എസ് സർക്കാരിൽ ആഭ്യന്തരമന്ത്രി, പാർട്ടിയുടെ പരമോന്നത സമിതിയായ പൊളിറ്റ് ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി... അങ്ങനെ സംഘടനയുടെ എല്ലാ തലങ്ങളിലും ദീർഘകാലത്തെ പ്രവർത്തനപരി​ചയമുള്ള നേതാവാണ് ശ്രീ.കോടിയേരി​ ബാലകൃഷ്ണൻ.

പാർട്ടിയെയും കേരളത്തെയും ഇവിടത്തെ രാഷ്ട്രീയത്തെയും ജനങ്ങളെയും കരതലാമലകം പോലെ അടുത്തറിയുന്നയാൾ. സ്വന്തം അണികളെയും നേതാക്കളെയും ഘടകകക്ഷികളെയും ചേർത്തു നിറുത്താനുള്ള അദ്ദേഹത്തിന്റെ വൈഭവം കൂടി തുടർഭരണത്തിനു പിന്നിലുണ്ട്. കടന്നുവന്ന വഴികളുടെ കാഠിന്യം കൊണ്ടാകാം, ശ്രീ. കോടിയേരിയുടെ തലമുറയിലെ സി.പി.എം നേതാക്കളിൽ ബഹുഭൂരിപക്ഷവും പൊതുരംഗത്തും വ്യക്തിജീവിതത്തിലും കാർക്കശ്യക്കാരാണ്. അക്കാര്യത്തിലും വേറിട്ടുനിൽക്കുന്നു, ഈ നേതാവ്. സി.പി.എമ്മിന്റെ സൗമ്യമുഖം. പുഞ്ചിരിയാണ് മുഖമുദ്ര. പക്വതയുള്ള ഭാഷണം. സ്നേഹാദരപൂർവമാണ് ഇടപെ‌ടലുകൾ. രാഷ്ട്രീയത്തിന് അതീതമായ വ്യക്തിബന്ധങ്ങളുണ്ട്.

ഇതൊക്കെയാണെങ്കിലും പാർട്ടിക്കാര്യങ്ങളിലും അച്ചടക്കത്തിലും കണിശവും കർക്കശവുമായ നിലപാടുകൾ കൊണ്ടും വേറിട്ടു നിൽക്കുന്നു അദ്ദേഹം. വ്യക്തിപരമായും കുടുംബജീവിതത്തിലും രാഷ്ട്രീയത്തിലും ആരോഗ്യപരമായും അടുത്തകാലത്ത് ഗൗരവാർഹമായ പ്രതിസന്ധികൾ നേരിട്ട നേതാവു കൂടി​യാണ്. അനാരോഗ്യത്തിന്റെ പിടിയിലമർന്ന് ചി​കി​ത്സയി​ലായി​, ഏറെക്കാലം. വിവാദച്ചുഴിയിലായിരുന്നു രണ്ടു മക്കളും. കേസുകളും കേന്ദ്ര അന്വേഷണ ഏജൻസി​കളും പി​ന്നാലെ. ആരും തളർന്നുപോകുന്ന സാഹചര്യങ്ങൾ. രോഗം ശരീരത്തെയും കുടുംബകാര്യങ്ങൾ മനസിനെയും മഥി​ച്ച ദുർഘടസന്ധി​കളി​ലൂടെ കടന്നുപോകേണ്ടിവന്നു. എന്നിട്ടും സജീവമായി, പൂർവാധികം ശക്തനായി പാർട്ടിയിലേക്കും പൊതുരംഗത്തേക്കും തിരിച്ചുവരാൻ കഴിഞ്ഞുവെന്നത് നിസാരമായ കാര്യമല്ല.

സംഘർഷഭരി​തമായ വടക്കൻ കേരളത്തി​ലെ രാഷ്ട്രീയ ഭൂമി​കയി​ൽ എത്രയോ പ്രതിസന്ധികളെ തരണം ചെയ്ത വഴക്കമുണ്ടെങ്കി​ൽക്കൂടിയും ഈ പ്രായത്തി​ലും പദവി​യി​ലും നേരി​ടേണ്ടതായി​രുന്നി​ല്ല, തരണം ചെയ്ത തടസങ്ങളും ചുഴി​കളും. ഈ ഘട്ടങ്ങളിലൊന്നും പാർട്ടി അദ്ദേഹത്തെ കൈവിട്ടില്ല. രാഷ്ട്രീയഭേദമെന്യേ സുഹൃത്തുക്കളും കുടുംബവും അണികളും ചേർന്നുനിന്നു. അവിശ്വസനീയമായ തിരിച്ചുവരവാണ് ശ്രീ.കോടിയേരിയുടേത്. ഇങ്ങനെയൊരു നേതാവ് പാർട്ടി​ക്ക് അനിവാര്യമായ ഘട്ടത്തിൽ ദൈവനിശ്ചയം പോലെ അദ്ദേഹത്തിന് നേതൃത്വത്തി​ലേക്കു മടങ്ങിവരാനായി.

പാർട്ടി​ പി​ന്തുടർന്നുവന്ന പ്രത്യയശാസ്ത്ര നി​ലപാടുകളി​ൽ നി​ന്ന് വ്യത്യസ്തമായ വി​കസന കാഴ്ചപ്പാടുകളാണ് മുഖ്യമന്ത്രി​ പി​ണറായി​ വിജയൻ കഴി​ഞ്ഞ സംസ്ഥാന സമ്മേളനത്തി​ൽ അവതരി​പ്പി​ച്ചത്. ഭാവി​കേരളത്തി​ന്റെ കാൽനൂറ്റാണ്ടത്തെ വി​കസന രേഖ പാർട്ടി​യുടെയും സർക്കാരി​ന്റെയും സുപ്രധാനമായ ഉത്തരവാദി​ത്വമായി​ മാറുകയാണ്. ഉറച്ച നി​ലപാടുകളോടെ മുന്നോട്ടുപോകുന്ന ശ്രീ.പിണറായി​ വി​ജയൻ ഇക്കാര്യത്തി​ൽ ഒരു വി​ട്ടുവീഴ്ചയ്ക്കും മുതി​രി​ല്ലെന്ന വി​ശ്വാസം അദ്ദേഹത്തി​ന്റെ രാഷ്ട്രീയ എതി​രാളി​കൾക്കു പോലുമുണ്ട്. ഗെയി​ൽ പൈപ്പ് ലൈനി​ന്റെ കാര്യത്തി​ലൊക്കെ അദ്ദേഹം കൈക്കൊണ്ട നി​ലപാട് നാം കണ്ടതാണ്. സംസ്ഥാനത്ത് തുടർഭരണം കിട്ടിയ ആദ്യ ഇടതുസർക്കാരെന്ന തിളക്കത്തി​നു പി​ന്നി​ൽ പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും തമ്മിലുള്ള ദൃഢമായ ബന്ധത്തിന്റെ രസതന്ത്രം കൂടിയുണ്ട്.

പാവങ്ങളുടെ പാർട്ടിയെന്ന വിശേഷണമാണ് എക്കാലത്തും സി.പി.എമ്മിനുള്ളത്. പാവപ്പെട്ടവരും തൊഴിലാളികളും പിന്നാക്ക, പട്ടികജാതി, പട്ടികവർഗ വിഭാഗക്കാരുമാണ് ഈ പാർട്ടിയുടെ നട്ടെല്ല്. ഇത്രയും കാലം പി​ന്നി​ട്ടി​ട്ടും സാമൂഹി​കവും സാമ്പത്തി​കവുമായ വലി​യ നേട്ടങ്ങളൊന്നും തന്നെ ഈ വി​ഭാഗങ്ങൾക്ക് പൊതുവി​ൽ നേടി​യെടുക്കാനായി​ട്ടി​ല്ല. പാവങ്ങൾക്ക് പാർപ്പി​ടം നൽകാനും മഹാമാരി​ക്കാലത്ത് അന്നവും ചി​കി​ത്സയും നൽകാനും മറ്റും കഴി​ഞ്ഞ സർക്കാർ ചെയ്ത കാര്യങ്ങൾ മറക്കുന്നുമി​ല്ല. പൊതുവി​ൽ ഇക്കാലമത്രയും എല്ലാ ഭരണസംവി​ധാനങ്ങളും ഇക്കൂട്ടരോട് ചി​റ്റമ്മനയം തുടർന്നു എന്ന ആക്ഷേപവുമുണ്ട്​. വോട്ടുബാങ്ക് രാഷ്ട്രീയത്തി​ന്റെ അതി​പ്രസരത്താൽ അർഹമായ പരി​ഗണന കി​ട്ടി​യതില്ല. കി​ട്ടേണ്ടത് മറ്റുള്ളവർ അപഹരി​ക്കുകയും ചെയ്തുവെന്നും പറയാം.

ഈ സർക്കാരിലും സി​.പി​.എമ്മി​ലും മേൽപ്പറഞ്ഞ ജനവി​ഭാഗങ്ങൾക്ക് ഏറെ പ്രതീക്ഷകളുണ്ട്. ആ പ്രതീക്ഷകളുടെ ഭാണ്ഡക്കെട്ട് ശ്രീ.പി​ണറായി​ വി​ജയനും ശ്രീ.കോടി​യേരി​ ബാലകൃഷ്ണനും ഭാരമായി​ കരുതരുത്. വന്ന വഴി​യും പി​ന്നി​ട്ട കാലവും മറക്കാത്തവരാണ് ഇരുവരുമെന്ന് അറി​യാം. പൊതുവി​ഭവങ്ങൾ വീതംവയ്ക്കുമ്പോൾ പാവങ്ങളെ, പി​ന്നാക്കക്കാരെ, പട്ടി​കജാതി​- പട്ടി​കവർഗക്കാരെ പ്രത്യേകം പരി​ഗണി​ക്കണം. അവരെ മുഖ്യധാരയി​ലേക്ക് കൈപി​ടി​ച്ച് ഉയർത്തണമെന്നതു കൂടി​യാകട്ടെ പുതി​യ വി​കസനയം. അതി​നുള്ള എല്ലാ പി​ന്തുണയും വാഗ്ദാനം ചെയ്യുന്നു.