
കൊച്ചി: രണ്ടു വയസുമുതൽ അച്ഛൻ വലിച്ചെറിയുന്ന ബീഡി കുറ്റിയിൽ തുടങ്ങി മുറുക്ക്, പാൻപരാഗ്, ഹൻസ്, തമ്പാക്ക് തുടങ്ങിയവയ്ക്ക് അടിമയായ മോഹനൻ (യഥാർത്ഥ പേരല്ല) പുകവലി നിറുത്തിയിട്ട് ഇന്നലെ 295 ദിവസം പിന്നിട്ടു.
ദിവസം കുറഞ്ഞത് നാല് പാക്കറ്റ് ഹാൻസ് വേണ്ടിയിരുന്നു. അമിത ഉപയോഗം മൂലം പാചക തൊഴിലാളിയായ മോഹനന് തന്റെ തൊഴിലിൽ തന്നെ പ്രശ്നങ്ങളാണ്. ഭക്ഷണത്തിന്റെ രുചി അറിയാത്ത അവസ്ഥയിലേക്കെത്തി. അങ്ങനെ ജോലിയും പോയി വീട്ടിൽത്തന്നെ ഇരിപ്പായി. പാൻപരാഗ് ഉപയോഗിച്ച് കേടായ അണപ്പല്ലുകളെല്ലാം എടുത്തു കളഞ്ഞു. അങ്ങനെ ഇരിക്കുമ്പോഴാണ് സുഹൃത്തുവഴി നിക്കോട്ടിൻ അനോണിമസ് എന്ന സംഘടനയെക്കുറിച്ച് അറിയുന്നത്. നേരെ അവരെ സമീപിച്ചു. പിന്നെ പുകവലിച്ചിട്ടില്ല. ഹാൻസ് കൈകൊണ്ട് തൊട്ടിട്ടുപോലുമില്ല. കുടുംബത്തിൽ സമാധാനം. മകളെ വിവാഹവും കഴിപ്പിച്ചു. സന്തോഷത്തോടെയുള്ള ജീവിതം നയിക്കുകയാണ് മോഹനൻ.
മദ്യപാനികളെ നേർവഴിക്ക് നടത്തുന്ന ആൾക്കഹോളിക് അനോനിമസിന്റെ സഹോദര സംഘടനയാണ് നിക്കോട്ടിൻ അനോനിമസ്. 18 മുതൽ 75 വയസുവരെയുള്ള സാധാരണക്കാരും ഡോക്ടർമാരും കായികതാരങ്ങളും വരെ സംഘങ്ങളിലുണ്ട്.
കഴിഞ്ഞ മേയിലാണ്
നിക്കോട്ടിൻ അനോനിമസ് കേരളത്തിൽ പ്രവർത്തനം തുടങ്ങിയത്. ആദ്യ യൂണിറ്റ് എറണാകുളം ഉദയംപേരൂരിലായിരുന്നു. ഇവിടുത്തെ എസ്.എൻ.ഡി.പി ഹാളാണ് മീറ്റിംഗ് സെന്റർ. എല്ലാ ബുധനാഴ്ചയും വൈകിട്ട് 6.30 മുതൽ 8 മണിവരെയാണ് സംഗമം. സംഘടന കേരളം മുഴുവൻ വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കൂട്ടായ്മയിലെ അംഗങ്ങൾ.
പ്രവർത്തനം
# മരുന്നും ചികിത്സയും വേണ്ട
#1982ൽ കാലിഫോർണിയയിൽ തുടക്കം.
# കൗൺസലിംഗോ മരുന്നോ ചികിത്സയോ ഇല്ല. എല്ലാ വിവരങ്ങളും രഹസ്യം
# എത്തുന്നവർ ആദ്യ 24 മണിക്കൂർ പുകയില ഉപയോഗിക്കരുത്.
# സംഭാവനയോ പിരിവോ മതമോ രാഷ്ട്രീയമോ ഇല്ല. കുടുംബകാര്യങ്ങളിൽ ഇടപെടില്ല.
# എപ്പോഴും വിളിക്കാം. നമ്പറുകൾ:9745601584, 9995449744