
കൊച്ചി: കൊച്ചി മെട്രോ സ്റ്റേഷനുകളിലെ കിയോസ്കുകൾ വീണ്ടും ലേലത്തിന്. തീയതികൾ ഉടനെ പ്രഖ്യാപിക്കും. നവംബറിലും ഡിസംബറിലും നടന്ന ലേലത്തിൽ മുഴുവൻ എണ്ണവും വിറ്റുപോയിരുന്നില്ല. ബാക്കിയുള്ളതും ലേലം പിടിച്ച് സ്ഥിരപ്പെടുത്താത്തവയുമുൾപ്പടെ 119 എണ്ണത്തിനുമാണ് വീണ്ടും ലേലം.
ആദ്യം നടന്ന ലേലങ്ങളിൽ 248 എണ്ണം വിറ്റു പോയി. 153 പേർ പണമടച്ച് ലേലം സ്ഥിരപ്പെടുത്തി.13 പേർ കച്ചവടം തുടങ്ങിക്കഴിഞ്ഞു.
മൂന്നു ദിവസത്തിനുള്ളിൽ തുക മുഴുവൻ അടച്ച് മുപ്പത് ദിവസത്തിനുള്ളിൽ വ്യാപാരം തുടങ്ങണമെന്നായിരുന്നു വ്യവസ്ഥ. ഇനിയും കച്ചവടം തുടങ്ങാത്തവരുടെ കാര്യം മെട്രോ വ്യക്തമാക്കിയിട്ടില്ല. കുറച്ചു ഷോപ്പുകളുടെ പണികൾ നടക്കുന്നുണ്ട്.
ആലുവ മുതൽ പേട്ട വരെയുള്ള 22 സ്റ്റേഷനുകളിലായി 311 കിയോസ്കുകളാണുള്ളത്. നവംബറിലും ഡിസംബറിലും നടന്ന ലേലത്തിൽ കേരളത്തിലെമ്പാടു നിന്ന് കച്ചവടക്കാരെത്തിയിരുന്നു.
അഞ്ച് വർഷത്തേക്കാണ് കിയോസ്കുകൾ ലേലം ചെയ്യുന്നത്. ബഹുഭൂരിപക്ഷവും 120 ചതുരശ്ര അടി വിസ്തീർണത്തിലാണ്. ചതുരശ്ര അടിക്ക് 15 രൂപയാണ് പൊതുവേ അടിസ്ഥാനവില. പ്രധാന സ്റ്റേഷനുകളിൽ 75 രൂപവരെയുമുണ്ട്. കൂടുതൽ വിളിക്കുന്നവർക്ക് ലേലം ഉറപ്പിക്കും.
നഷ്ടത്തിലോടുന്ന മെട്രോയ്ക്ക് ടിക്കറ്റേതര വരുമാനം കണ്ടെത്തുന്നതിന്റെ ഭാഗമായാണിത്.
യാത്രികർ മാത്രമെത്തുന്ന സ്റ്റേഷനുള്ളിലെ ഇടങ്ങൾക്ക് വലിയ ഡിമാൻഡില്ല. അതേ സമയം പുറത്തുള്ളവ മിക്കവാറും വിറ്റുപോയിട്ടുമുണ്ട്. കിയോസ്കുകൾക്കും സൂപ്പർ മാർക്കറ്റുകൾക്കും ഓഫീസുകൾക്കുമായി വിവിധ സ്റ്റേഷനുകളിലായി 40,000 ചതുരശ്ര അടിയോളം സ്ഥലമാണ് വിവിധ സ്റ്റേഷനുകളിലുള്ളത്.
മുങ്ങിയത് 95പേർ
ലേലം സ്ഥിരപ്പെടുത്താതെ മുങ്ങിയത് 95 പേരാണ്. ഇവരുടെ നിരതദ്രവ്യമായ 5000 രൂപ കണ്ടുകെട്ടും. ഇതിലൂടെ അഞ്ച് ലക്ഷത്തോളം രൂപ കെ.എം.ആർ.എല്ലിന് ലഭിക്കും.
റെക്കാഡ് ലേലക്കാരനും മുങ്ങി
ഇടപ്പള്ളി സ്റ്റേഷന് പുറത്ത് ഏറ്റവും ഉയർന്ന തുകയ്ക്ക് ലേലം വിളിച്ച സ്ഥലവും ഏറ്റെടുക്കാൻ ലേലക്കാരനെത്തിയില്ല. ഇയാളും പണമടയ്ക്കാതെ മുങ്ങി.
സ്റ്റേഷനു പുറത്ത് പാർക്കിംഗിനോട് ചേർന്നുള്ള 50 ചതുരശ്ര അടി സ്ഥലം അടിയ്ക്ക് 2400 രൂപയ്ക്കാണ് ലേലം ഉറപ്പിച്ചത്. ഈ സ്ഥലവും പുതുതായി ലേലം ചെയ്യുന്നുണ്ട്.