മുവാറ്റുപുഴ: വർദ്ധിച്ചുവരുന്ന വാഹനാപകടങ്ങൾ തടയുന്നതിന്റെ ഭാഗമായി റോഡുസുരക്ഷാ നിയമങ്ങൾ സ്കൂൾ പാഠ്യപദ്ധതികളിൽ ഉൾപ്പെടുത്തുകയും അപകടമേഖലകൾ കേന്ദ്രീകരിച്ച് കൂടുതൽ സൈൻ ബോർഡുകൾ സ്ഥാപിക്കുകയും ചെയ്യണമെന്ന് ഈസ്റ്റ് മാറാടി ഗവ. വി. എച്ച് എസ് സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിലെ വോളന്റിയർമാർ മൂവാറ്റുപുഴയിൽ സംഘടിപ്പിച്ച റോഡുസുരക്ഷാ സദസ് വകുപ്പ് മേധാവികളോട് ആവശ്യപ്പെട്ടു. ഇക്കാര്യം സൂചിപ്പിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും ഗതാഗത വകുപ്പ് മന്ത്രിക്കും നിവേദനവും നൽകി.
റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ് റോഡുസുരക്ഷാ സദസ് സംഘടിപ്പിച്ചത്.
എം.സി റോഡിൽ മൂവാറ്റുപുഴയ്ക്ക് സമീപം ഈസ്റ്റ് മാറാടിയിൽ മണിക്കൂറുകൾ വ്യത്യാസത്തിൽ ഒരേസ്ഥലത്ത് നടന്ന അപകടത്തിൽ നാല് മരണം നടന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇത്തരമൊരു കാമ്പയിൻ നടത്താൻ തീരുമാനിച്ചതെന്ന് പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി പറഞ്ഞു. രക്ഷാപ്രവർത്തനങ്ങൾക്ക് ഒപ്പംനിന്ന ഈസ്റ്റ് മാറാടി സ്കൂൾ വിദ്യാർത്ഥി ശ്രീജിത്ത് പ്രദീപിനെ ആദരിച്ചു. ഒരിറ്റു ശ്രദ്ധ ഒരു പാടായുസ്സ് എന്ന പേരിൽ നെഹ്റു പാർക്ക് പരിസരത്ത് സംഘടിപ്പിച്ച ജീവകാരുണ്യ സ്നേഹ കൂട്ടായ്മയും സ്കൂൾതല യൂണിറ്റ് പ്രഖ്യാപനവും റാഫ് സംസ്ഥാന പ്രസിഡന്റ് ഡോ.കെ എം.അബ്ദു ഉദ്ഘാടനം ചെയ്തു.