കോലഞ്ചേരി:സംസ്ഥാന ബഡ്ജറ്റിൽ കുന്നത്തുനാടിന് മികച്ച നേട്ടം. മണ്ഡലത്തിൽ വിവിധ പദ്ധതികൾക്കായി 11.5 കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തിതായി അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ പറഞ്ഞു. മഴുവന്നൂർ പഞ്ചായത്തിലെ മണ്ണുർ ഐരാപുരം റോഡ് ബി.എം, ബി.സി നിലവാരത്തിൽ ടാർ ചെയ്യുന്നതിന് 5 കോടിരൂപ അനുവദിച്ചു. കിഴക്കമ്പലം പഞ്ചായത്തിലെ താമരച്ചാൽ മലയിടംതുരുത്ത് റോഡ് ബി.എം, ബി.സി നിലവാരത്തിൽ പുനർനിർമ്മിക്കുന്നതിന് 2.5 കോടിയും കടയിരുപ്പ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ സിന്തറ്റിക് ട്രാക്കും ആർട്ടിഫിഷ്യൽ ടർഫും നിർമ്മിക്കുന്നതിന് മൂന്ന് കോടിയും മണ്ഡലത്തിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന് ഒരു കോടിയും അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ ബൈപ്പാസുകൾക്കായി 200 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഇതിൽ കോലഞ്ചേരി ബൈപ്പാസ് ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതായും ബഡ്ജറ്റിൽ മണ്ഡലത്തിന് പ്രത്യേക പരിഗണനയാണ് സർക്കാർ നൽകിയതെന്നും എം.എൽ.എ പറഞ്ഞു.