കടമക്കുടി: ഒന്നര പതിറ്റാണ്ടായി നിർമ്മാണം നിലച്ചുകിടക്കുന്ന പിഴല, ചേന്നൂർ ചരിയംതുരുത്ത് റോഡ് നിർമ്മാണം പുനരാരംഭിക്കാനുള്ള നടപടികളായി. പിഴല - ചേന്നൂർ, ചേന്നൂർ - ചരിയംതുരുത്ത് പാലങ്ങൾക്ക് ഭരണാനുമതി ലഭിച്ചതോടെയാണ് പദ്ധതിക്ക് പുതുജീവൻ ലഭിച്ചത്. പൊതുമരാമത്ത് റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് വിഭാഗം നിർമ്മാണത്തിനു മുന്നോടിയായി പരിശോധന നടത്തി. ജിഡയുടെ പദ്ധതി പ്രകാരം ദേശീയപാത 66, വല്ലാർപ്പാടം കണ്ടെയ്‌നർ റോഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന രണ്ടു കിലോമീറ്റർ റോഡിനും രണ്ടു പാലങ്ങൾക്കുമായി 80 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. 2005 സർവ്വേ നടത്തി ഭൂമി ഏറ്റെടുക്കലും എസ്റ്റിമേറ്റും തയാറായതാണ്. എന്നാൽ തുടർനടപടികൾ നീണ്ടുപോകുകയായിരുന്നു. ജിഡ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം വി.വി.ജോസഫ്, ടൗൺ പ്ലാനർ ടി.എൻ.രാജേഷ്, പൊതുമരാമത്ത് അസി. എൻജിനീയർ ബിന്ദു കെ.ദിവാകരൻ, കടമക്കുടി പഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസന്റ്, അംഗങ്ങളായ ലിസമ്മ ജേക്കബ്, ജിയ സന്തോഷ് എന്നിവർ പരിശോധാസംഘത്തിലുണ്ടായിരുന്നു.