കൊച്ചി: സംസ്ഥാന ബഡ്ജറ്റിൽ കൊച്ചിയെ കൈയയച്ചു സഹായിച്ചു ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഫോർട്ടു കൊച്ചി -വൈപ്പിൻ റൂട്ടിൽ മൂന്നാം റോ -റോ നിർമ്മിക്കുന്നതിനായി 10 കോടി രൂപ അനുവദിച്ച് മന്ത്രി യാത്രക്കാരുടെ കൈയടി നേടി. വെള്ളക്കെട്ട് നിവാരണത്തിനായുളള ഓപ്പറേഷൻ ബ്രേക് ത്രൂ പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾക്കായി 10 കോടി രൂപ അനുവദിക്കണമെന്ന ആവശ്യവും അനുവദിച്ചു. ധനകാര്യ മന്ത്രി തോമസ് ഐസക് അവതരിപ്പിച്ച അവസാന ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച ഗോശ്രീ മാമംഗലം റോഡ്, പണ്ഡിറ്റ് കറുപ്പൻ എലിവേറ്റഡ് സമാന്തരപാത, പള്ളുരുത്തി പാരലൽ റോഡ്, എളമക്കര റോഡ്, കെ.പി വള്ളോൻ റോഡ് എന്നിവയുൾപ്പെടുന്ന റോഡ് ക്ലസ്റ്റർ പദ്ധതികളുടെ വിശദമായ ഡി.പി. ആർ തയ്യാറാക്കാനായി അഞ്ചു കോടി രൂപ അനുവദിച്ചിട്ടുണ്ട്. തുറമുഖ നഗരമായ കൊച്ചി അഭിമുഖീകരിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് ശാസ്ത്രീയമായ പഠനം നടത്തുന്നതിന് കോർപ്പറേഷന്റെ ഗവേഷണ വിഭാഗമായ സെന്റർ ഫോർ ഹെറിറ്റേജ് എൻവയോൺമെന്റൽ ആൻഡ് ഡെവലപ്‌മെന്റിന് (സീഹെഡ്) അഞ്ചു കോടി രൂപ ബഡ്‌ജറ്റിൽ വകയിരുത്തിയത് പരിസ്ഥിതിസംരക്ഷണ പ്രവർത്തനങ്ങൾക്ക് ശക്തിപകരും.
കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് നിർമ്മാണത്തിന് സംസ്ഥാന സർക്കാരിന്റെ സഹായം ആവശ്യപ്പെട്ടിരുന്നു. ഡിപ്പോ നിർമ്മാണത്തിന് ബഡ്‌ജറ്റിൽ തുക അനുവദിച്ചിട്ടുളളതിനാൽ സ്റ്റാൻഡ് നിർമ്മാണവും തടസ്സമില്ലാതെ നടക്കും. ഒപ്പം പ്രധാന ജംഗ്ഷനുകളുടെ വികസനത്തിന് തുക നീക്കി വച്ചിട്ടുളളതിനാൽ വൈറ്റില ജംഗ്ഷൻ വികസനത്തിനും ഫണ്ട് പ്രശ്നമാകില്ല.
 മന്ത്രിക്ക് നന്ദി
റോഡ് ക്ളസ്റ്റർ പദ്ധതിക്കായി ബഡ്ജറ്റിൽ അഞ്ചു കോടി വകയിരുത്തിയതിനെ സ്വാഗതം ചെയ്യുന്നു. ഡി.പി.ആർ തയ്യാറാക്കുന്നതിന് ഈ തുക ഉപയോഗിക്കാം . പിന്നീട് കിഫ്ബി ഫണ്ട് ഉൾപ്പെടെ ലഭ്യമാക്കി റോഡുകളുടെ നിർമ്മാണം യാഥാർത്ഥ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ഡിസംബറിൽ കോർപ്പറേഷൻ സംഘടിപ്പിച്ച ധനമന്ത്രി കൊച്ചിയ്‌ക്കൊപ്പം എന്ന പരിപാടിയിൽ നഗരത്തിലെ വിവിധ സംഘടനകൾക്ക് കൊച്ചിയുടെ ആവശ്യങ്ങൾ ധനമന്ത്രിയെ ധരിപ്പിക്കുന്നതിനുളള അവസരമൊരുക്കിയിരുന്നു. തുടർന്ന് ഒരു മെമ്മോറാണ്ടവും മന്ത്രിക്ക് സമർപ്പിച്ചിരുന്നു. ആവശ്യങ്ങളെല്ലാം കണ്ടറിഞ്ഞ് തുക അനുവദിച്ച ധനമന്ത്രിയ്ക്ക് നന്ദി പറയുന്നു.
മേയർ എം. അനിൽകുമാർ