high-court-

കൊച്ചി: ഭൂമിക്കായി ഇനിയൊരു പ്രക്ഷോഭം സർക്കാരും ജനവും ആഗ്രഹിക്കുന്നില്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഭൂരഹിതർക്ക് നൽകിയ ഉറപ്പ് പാലിക്കാതെ ഭൂമി ആവശ്യമുള്ള വൻകിട പദ്ധതികളുമായി സർക്കാർ മുന്നോട്ടുപോകുന്നത് ഭാവിയിൽ ആശങ്കയുണ്ടാക്കും. ചെങ്ങറ ഭൂസമരമാർക്ക് വാസയോഗ്യമായ ഭൂമിനൽകുമെന്ന ഉറപ്പ് സർക്കാർ പാലിച്ചില്ലെന്നാരോപിച്ച് ആദിവാസി ദളിത് മുന്നേറ്റ സമിതിയടക്കം നൽകിയ ഹർജികളിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയത്.

ഉറപ്പ് പാലിച്ചില്ലെങ്കിൽ വൻകിട പദ്ധതികളുമായി മുന്നോട്ടുപോകുമ്പോൾ ഭൂമി ലഭിക്കാൻ തടസമാകും. ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കിയ സമരത്തിൽനിന്ന് ഉടലെടുത്തതാണ് ചെങ്ങറ പാക്കേജ്. ഭൂമി നൽകാമെന്ന് ഉറപ്പുനൽകിയശേഷം പാലിക്കാതിരിക്കുന്നത് സർക്കാരിന്റെ ഉറപ്പിന്റെ പവിത്രത നഷ്ടമാക്കും. സാമൂഹ്യനീതിയുടെ വിഷയം കൂടിയായതിനാൽ ഉറപ്പുപാലിക്കാൻ സർക്കാരിന് ബാദ്ധ്യതയുണ്ടെന്നും സിംഗിൾബെഞ്ച് പറഞ്ഞു.

സർക്കാർ നൽകിയ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ ഹർജിക്കാർക്ക് സമയം നൽകണമെന്നതിനാൽ ഹർജി 29ലേക്ക് മാറ്റി.