വൈപ്പിൻ: ആസ്തി വികസന ഫണ്ടിൽ 71.5ലക്ഷം രൂപ ചെലവിട്ട് എളങ്കുന്നപ്പുഴയിൽ നിർമ്മാണം പൂർത്തിയാക്കിയ സ്‌നേഹതീരം (ഓൾഡ് ഏജ് ഹോം), സ്‌കൂൾമുറ്റം ജെട്ടി റോഡുകൾ കെ.എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഗതാഗതത്തിന് തുറന്നു നൽകി. പ്രാദേശിക പശ്ചാത്തല വികസനത്തിന് ഉതകുന്ന റോഡുകളാണ് ആധുനിക നിലവാരത്തിനനുസരിച്ച് പൂർത്തിയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

ഹാർബർ എൻജിനീയറിംഗ് വിഭാഗത്തിന്റെ നിർവ്വഹണച്ചുമതലയിലാണ് റോഡുകൾ നിർമ്മിച്ചത്. രണ്ടാം വാർഡിലെ സ്‌നേഹതീരം (ഓൾഡ് ഏജ് ഹോം) റോഡിന് 26 ലക്ഷം രൂപയുടെയും ഒൻപത്, പത്ത് വാർഡുകളിലായി നിർമ്മിച്ച സ്‌കൂൾമുറ്റം ജെട്ടി റോഡിന് 45.5 ലക്ഷം രൂപയുടെയും ഭരണാനുമതിയായിരുന്നു ലഭിച്ചത്.
ഉദ്ഘാടന ചടങ്ങുകളിൽ പഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ് അദ്ധ്യക്ഷയായി. ഹാർബർ എൻജിനീയറിംഗ് എ.ഇ.സുബിൻ ജോർജ് പദ്ധതികൾ വിശദീകരിച്ചു. പഞ്ചായത്ത് അംഗങ്ങളായ മിനി സുനിൽ, വി. കെ. സമ്പത്ത്കുമാർ, ലൈല സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.