മൂവാറ്റുപുഴ: ജില്ലയുടെ കാർഷികമേഖലയുടെ തലസ്ഥാനമെന്ന് വിശേഷിപ്പിക്കുന്ന മൂവാറ്റുപുഴയ്ക്ക് സംസ്ഥാന ബഡ്‌ജറ്റിൽനിന്ന് യാതൊന്നും ലഭിച്ചില്ല. നിയോജക മണ്ഡലത്തിന്റെ സമഗ്രവികസനത്തിന് ഉതകുന്ന പദ്ധതികൾ ഒന്നും ബഡ്‌ജറ്റ് വഴി ലഭ്യമാക്കാൻ ആവശ്യമായ ഇടപെടൽ ഉണ്ടായിട്ടില്ലെന്നാണ് അരിയുന്നത്. മുൻ ബഡ്‌ജറ്റുകളിൽ മൂവാറ്റുപുഴയ്ക്കായി അനുവദിച്ച പ്രാധാന്യം ഏറെയുള്ള പദ്ധതികൾ ആണ് ഇപ്പോഴും പ്രവർത്തനപഥത്തിൽ ഉള്ളത്. അഞ്ചുകോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പി .ഡബ്ല്യു. ഡി ഓഫീസ് സമുച്ചയത്തിന് 20ശതമാനം തുക വകയിരുത്തിയത് മാത്രമാണ് ഒരേ ഒരു പദ്ധതി. അതാകട്ടെ ആവർത്തനവും. കഴിഞ്ഞ ബഡ്‌ജറ്റിൽ ഉൾപ്പെട്ട് അനുമതി കിട്ടിയ പ്രോജക്ടാണിത്.
ആരോഗ്യ-വിദ്യാഭ്യാസ മേഖല, വാഴക്കുളം അഗ്രോ - ഫ്രൂട്ട് പ്രോസസിംഗ് കമ്പനി, ഇ.ഇ.സി മാർക്കറ്റ് എന്നീ സ്ഥാപനങ്ങൾക്കും പരിഗണന ലഭിച്ചിട്ടില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് റോഡ് വികസനത്തിൽ പണം അനുവദിപ്പിക്കുന്നതിൽ ചരിത്രമുന്നേറ്റം നടത്തിയ മൂവാറ്റുപുഴയ്ക്ക് ഇത്തവണ പരിഗണന ഉണ്ടാകാത്തത് എന്തുകൊണ്ടാണെന്ന് പരിശോധിക്കപ്പെടണം. നഗരസഭ, മാറാടി പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമ പരിഹാരത്തിനായുള്ള ബ്രഹദ് പദ്ധതിയും ബഡ്‌ജറ്റിൽ ഉൾപ്പെടാതെ പോയി. കടാതി -കാരക്കുന്നം ബൈപ്പാസിനായി സ്ഥലം ഏറ്റെടുക്കുന്നതിന് 50ശതമാനം തുക സംസ്ഥാനം വിഹിതമായി നൽകുന്നതിന് ബഡ്‌ജറ്റിൽ പ്രഖ്യാപനം ഉണ്ടാകാത്തത് കൂട്ടായ പരിശ്രമത്തിന്റെ അഭാവമാണെന്നും ദീർഘകാല -ഹ്രസ്വകാല പദ്ധതികളൊന്നും ഉൾപ്പെടാതെ പോയത് ജനപ്രതിനിധികളുടെ അശ്രദ്ധയാണെന്നും മുൻ എം.എൽ.എ എൽദോ എബ്രഹാം ചൂണ്ടിക്കാട്ടി.
മൂവാറ്റുപുഴ ജനറൽ ആശുപത്രിയുടെ ഓങ്കോളജി വിഭാഗത്തിന് അഞ്ച് കോടി രൂപയുടെ അനുമതിയും കഴിഞ്ഞ സർക്കാരിൽ ഉള്ളതാണ്. വീണ്ടും പ്രൊപ്പോസൽ നൽകി ടോക്കൺ തുക മാത്രമുള്ള പദ്ധതിയാക്കി മാറ്റി എന്നും എൽദോ എബ്രഹാം ചൂണ്ടികാട്ടി.