കളമശേരി: ധനമന്ത്രി കെ .എൻ. ബാലഗോപാൽ അവതരിപ്പിച്ച ബഡ്ജറ്റിൽ അടിസ്ഥാന സൗകര്യ വികസനം, പ്രാദേശിക വികസനം ഉൾപ്പെടെയുള്ള മേഖലകളിൽ മികച്ച പരിഗണനയാണ് കളമശേരിക്ക് ലഭിച്ചതെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. മണ്ഡലത്തിൽ ഒട്ടാകെ 51.62 കോടി രൂപയുടെ വിവിധ പദ്ധതികൾക്ക് ബഡ്ജറ്റിൽ വിഹിതം അനുവദിച്ചു. നിയമസഭാ മണ്ഡലത്തിലെ വിവിധ തദ്ദേശസ്ഥാപനങ്ങളിലെ പ്രാദേശിക വികസന പദ്ധതികൾക്കായി 17.12 കോടി രൂപയാണ് അനുവദിച്ചത്.
ഏലൂർ മുനിസിപ്പാലിറ്റിയിലെ വിവിധ തോടുകളുടെ ആഴം വർദ്ധിപ്പിക്കുന്നതിനും കൽവർട്ടുകളുടെ പുനർനിർമ്മാണത്തിനുമായി രണ്ടു കോടി രൂപയും ബജറ്റിൽ അനുവദിച്ചു. കുസാറ്റിലെട്രാൻസ്ലേഷണൽ റിസർച്ച് സെൻററിന് 20 കോടി രൂപ, പ്രൊജക്റ്റ് മോഡിൽ മൂന്നു പ്രോജക്ടുകൾ , ഇൻറർനാഷണൽ ഹോസ്റ്റൽ മുറികൾ ഉൾപ്പെടെ പുതുതായി നിർമ്മിക്കുന്ന പുതിയ ഹോസ്റ്റലുകളുടെ നിർമ്മാണത്തിന് ബജറ്റിൽ തുക വകയിരുത്തി. പോളിടെക്നിക്, ഐ.ടി.ഐ, ആർട്സ് ആൻഡ് സയൻസ് കോളേജുകൾ എന്നിവിടങ്ങളിൽ ചെറിയ വ്യവസായ യൂണിറ്റുകളും സ്റ്റാർട്ടപ്പുകളും തുടങ്ങാൻ തീരുമാനിച്ചതിന്റെ പ്രയോജനവും കളമശേരിക്ക് ലഭിക്കും. സ്കിൽ എക്കോസിസ്റ്റം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ഉത്പാദന കേന്ദ്രം ആരംഭിക്കുമെന്നും ബജറ്റ് പ്രഖ്യാപിച്ചു. കളമശേരിയിൽ ഇന്ത്യ ഇന്നവേഷൻ സെൻറർ ഫോർ ഗ്രാഫീൻ ആരംഭിക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം. കൊച്ചി കാൻസർ സെൻററ്റിന് 14.5 കോടി രൂപയും അനുവദിച്ചു.