പറവൂർ: അയൽവക്കത്തെ വീട്ടിലെ മൂന്നുപേരെ വധിക്കാൻ ശ്രമിച്ച കേസിൽ കളമശേരി പോട്ടയിൽ ഗോപാലകൃഷ്ണന് (73) പറവൂർ പ്രിൻസിപ്പൽ അസിസ്റ്റന്റ് സെഷൻസ് കോടതി ഏഴുവർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷവിധിച്ചു. പിഴ അടച്ചില്ലെങ്കിൽ രണ്ടുവർഷം അധികം തടവുശിക്ഷ അനുഭവിക്കണം. ഹൈക്കോടതി റിട്ട. ജീവനക്കാരനാണ്.

2015 ഡിസംബർ 18ന് രാവിലെ 7.30 നാണ് കേസിനാസ്പദമായ സംഭവം. സമീപവാസിയായ ടി. ആനന്ദരാജിന്റെ വീട്ടിൽ അതിക്രമിച്ചു കയറുകയും ആനന്ദരാജിനെയും ഭാര്യ അജിത രാജിനെയും മകൻ അലിൻ രാജിനെയും കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചുവെന്നാണ് കേസ്.