പറവൂർ: കാൽ നൂറ്റാണ്ടിലേറെ ഉപയോഗ്യശൂന്യമായി കിടന്ന കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ കൈതാരം കോതകുളം നവീകരിക്കുന്നു. പ്രദേശത്തെ പ്രധാന ജലസ്രോതസായിരുന്ന കുളം പിന്നീട് ആരും ഉപയോഗിക്കാതെയായി. മാലിന്യം അടിഞ്ഞുകൂടി നികന്നതോടെ മഴക്കാലത്ത് കുളത്തിലെ വെള്ളം സമീപത്തെ വീടുകളിൽ കയറുന്നത് ബുദ്ധിമുട്ടുണ്ടാക്കി. പലവട്ടം നവീകരിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്‌കരിച്ചിരുന്നെങ്കിലും നടപ്പായില്ല. പഞ്ചായത്ത് 5.72 ലക്ഷം സി.എഫ്.സി ഫണ്ട് ഉപയോഗിച്ചാണ് നവീകരിക്കുന്നത്. നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷാജി നിർവഹിച്ചു.