
സ്വാഗതം
ചെയ്ത് ഫിക്കി
കേരളത്തിന്റെ സമഗ്ര വികസനത്തിനും വളർച്ചയ്ക്കും മുൻഗണന നൽകുന്നതാണ് ബഡ്ജറ്റെന്ന് ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ ചെയർമാൻ ദീപക് എൽ .അസ്വാനി പറഞ്ഞു.
സാമ്പത്തികം, നൈപുണ്യം, ഐ ടി, സ്റ്റാർട്ടപ്പ്, നൂതന ഭക്ഷ്യ സംസ്കരണം തുടങ്ങിയ മേഖലകൾക്ക് നൽകിയിരിക്കുന്ന പ്രത്യേക പരിഗണന അഭിനന്ദനാർഹമാണ്. മൈനർ തുറമുഖങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള തീരുമാനം ബിസിനസ് സമൂഹത്തിന് ഗുണം ചെയ്യും.
സ്റ്റാമ്പ് ഡ്യൂട്ടി കുറയ്ക്കാതെ തന്നെ അടിസ്ഥാന ഭൂനികുതിയും ഫെയർവാല്യുവും പുന:പരിശോധിക്കാനുള്ള നിർദേശം കൊവിഡ് മൂലം പ്രതിസന്ധിയിലായ റിയൽ എസ്റ്റേറ്റ് മേഖലയെ ഗുരുതരമായി ബാധിക്കുമെന്ന് ദീപക് അസ്വാനി പറഞ്ഞു .
എറണാകുളത്തെ
അവഗണിച്ചു
ബി.ജെ.പി
ധനമന്ത്രി അവതരിപ്പിച്ച സംസ്ഥാന ബഡ്ജറ്റ് എറണാകുളം ജില്ലയെ സംബന്ധിച്ചിടത്തോളം നിരാശാജനകമാണെന്ന് ബി.ജെ. പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ പറഞ്ഞു. കേരളത്തിന്റെ സാമ്പത്തിക സ്രോതസ്സായിട്ടാണ് കൊച്ചി അറിയപ്പെടുന്നത്.
പൂട്ടിക്കിടക്കുന്ന വ്യവസായ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിപ്പിക്കാനോ,വാണിജ്യ മേഖല നേരിടുന്ന പ്രശ്നങ്ങളും തൊഴിലില്ലായ്മ അടക്കമുള്ള പ്രതിസന്ധികളും പരിഹരിക്കുന്നതിനോ ചെറിയ ശ്രമം പോലുമുണ്ടായില്ല. ഇടതു സർക്കാർ ജില്ലയെ അവഗണിക്കുന്നതിനുള്ള മറ്റൊരു ഉദാഹരണമാണ് ഈ ബഡ്ജറ്റെന്ന് എസ് .ജയകൃഷ്ണൻ പറഞ്ഞു..
നിരാശപ്പെടുത്തിയ
ബഡ്ജറ്റ് :
മുഹമ്മദ് ഷിയാസ്
ബഡ്ജറ്റ് കൊച്ചിക്ക് കടുത്ത നിരാശയാണ് സമ്മാനിച്ചിരിക്കുന്നതെന്ന് ഡി. സി. സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.
നിലവിലുള്ള റോ റോ സർവീസ് പോലും കാര്യക്ഷമമായി നടത്താൻ കഴിയാത്തിടത്ത് പുതിയൊരു റോ റോ നിർമ്മാണത്തിനായി പത്ത് കോടി രൂപ അനുവദിച്ചിരിക്കുന്നത് ശുദ്ധ തട്ടിപ്പാണ്. വ്യവസായ നഗരം, ടൂറിസം ഹബ് എന്നീ നിലകളിൽ ജില്ലയ്ക്ക് അർഹമായ പരിഗണന ലഭിച്ചില്ല.
കച്ചവടക്കാരെ
കൈവിട്ടു
രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബഡ്ജറ്റ് വ്യാപാരി സമൂഹത്തെ നിരാശപ്പെടുത്തിയെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.
വായ്പാ ഇളവ്, ലോണുകൾക്ക് മൊറട്ടോറിയം പുനരുദ്ധാരണ പാക്കേജ് തുടങ്ങി വ്യാപാരി സമൂഹം പ്രതീക്ഷിച്ച യാതൊന്നും ബഡ്ജറ്റിലില്ല. ഈ നില തുടർന്നാൽ സംസ്ഥാനത്തെ മുഴുവൻ ചെറുകിട കച്ചവടക്കാരും വഴിയോര കച്ചവടക്കാരായി മാറുമെന്ന് ജില്ലാ പ്രസിഡന്റ് പി.സി.ജേക്കബ്, ജനറൽ സെക്രട്ടറി അഡ്വ.എ.ജെ.റിയാസ്, ട്രഷറർ സി.എസ്.അജ്മൽ എന്നിവർ പറഞ്ഞു.
അധരവ്യായാമം:
അഡ്വ. നോബിൾ മാത്യു
ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബഡ്ജറ്റ് അധരവ്യായാമം മാത്രമാണെന്ന് ഭാരതീയ ജനതാ ന്യൂനപക്ഷ മോർച്ച ദേശീയ ഉപാദ്ധ്യക്ഷൻ അഡ്വ. നോബിൾ മാത്യു പറഞ്ഞു. വാഗ്ദാനങ്ങളല്ലാതെ ഒന്നുമില്ല.
കഴിഞ്ഞ വർഷങ്ങളിൽ നടത്തിയ പ്രഖ്യാപനങ്ങളിൽ എത്രമാത്രം നടപ്പിലാക്കാൻ കഴിഞ്ഞു എന്നൊരു ആത്മ പരിശോധന നടത്താമായിരുന്നു.
കൊച്ചിയെ
പാടേ തഴഞ്ഞു: ഹൈബി
നഗരത്തിന് ഒരു പരിഗണനയും നൽകാത്ത ബഡ്ജറ്റാണ് സംസ്ഥാന സർക്കാർ അവതരിപ്പിച്ചതെന്ന് ഹൈബി ഈഡൻ എം.പി. മുമ്പൊരു കാലഘട്ടത്തിലും ഇല്ലാത്ത അവഗണനയാണ് കൊച്ചിക്കുണ്ടായത്. സംസ്ഥാനത്തിന്റെ റവന്യൂവരുമാനത്തിന്റെ സിംഹഭാഗവും എറണാകുളത്ത് നിന്നാണ്. എന്നിട്ടും എറണാകുളത്തെ അവഗണിക്കുന്നത് തികച്ചും രാഷ്ട്രീയ ലക്ഷ്യം വച്ച് കൊണ്ടാണ്. ഇത് പ്രദേശത്തെ ജനങ്ങളൊടുള്ള കടുത്ത വെല്ലുവിളിയാണ്.
യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് വന്ന വാട്ടർ മെട്രോയാണ് ഇപ്പോഴും എൽ.ഡി.എഫ് സർക്കാർ ഉയർത്തി കാട്ടുന്നത്. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്റെ വികസനത്തിന് തുക അനുവദിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.
അതും ഉണ്ടായില്ല. പുതിയ പദ്ധതികൾ ഒന്നും തന്നെ കൊച്ചിക്ക് ലഭിച്ചില്ലെന്ന് ഹൈബി ഈഡൻ എം.പി കുറ്റപ്പെടുത്തി.
അവഗണിച്ചു
ടി.ജെ.വിനോദ്
കഴിഞ്ഞ ബഡ്ജറ്റിൽ പരാമർശിച്ചിരുന്ന തേവര എലവേറ്റഡ് ഹൈവേ, കെ.പി. വള്ളോൻ റോഡ് വികസനം, ഗോശ്രീ മാമംഗലം റോഡ് തുടങ്ങിയ റോഡ് കണക്ടിവിറ്റി പദ്ധതികൾ ഈ ബഡ്ജറ്റിൽ ഒഴിവാക്കിയതിൽ ടി.ജെ.വിനോദ് എം.എൽ. എ പ്രതിഷേധിച്ചു. എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് നവീകരണം എന്ന ആവശ്യം അനുഭാവപൂർവം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പു നൽകിയെങ്കിലും ബഡ്ജറ്റിൽ ഇതേകുറിച്ച് പരാമർശമില്ല. നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് ഓപ്പറേഷൻ ബ്രേക്ക്ത്രൂവിൽ ഉൾപ്പെടുത്തി 10 കോടി അനുവദിച്ചതാണ് ഏക ആശ്വാസം. പുതുതായി ഒരു പദ്ധതി പോലും നഗരത്തിലേക്ക് അനുവദിച്ചിട്ടില്ല. വേലിയേറ്റ സമയത്ത് നഗരത്തിലെയും ചേരാനല്ലൂർ പഞ്ചായത്തിലെയും വീടുകളിൽ വെള്ളം കയറുന്നത് പരിഹരിക്കുന്നതിനായി കായലുകളിലെ ചെളിനീക്കുന്നതിനും കായൽമുഖത്തെ എക്കൽ നീക്കം ചെയ്യുന്നതിനായി നിരവധി തവണ നിവേദനം നൽകിയിട്ടും ബഡ്ജറ്റിൽ ഇതിനുള്ള തുക വകയിരുത്തിയിട്ടില്ല.