
ധന മന്ത്രി കെ.എൻ.ബാലഗോപാൽ ഇന്നലെ അവതരിപ്പിച്ച ബഡ്ജറ്റിൽ ജില്ലയുടെ ഭാവിവികസനം ലക്ഷ്യമിട്ടുള്ള സമഗ്ര പദ്ധതികൾ. കൊച്ചിയുടെ അടിസ്ഥാന സൗകര്യവികസനം മുന്നിൽ കണ്ടുകൊണ്ടുള്ള ബഡ്ജറ്റാണ് അവതരിപ്പിച്ചത്. കാൻസർ സെന്റർ, ജലമെട്രോ, റോ- റോ തുടങ്ങി കൊച്ചിയെ
വരും വർഷങ്ങളിൽ അടിമുടി മാറ്റാനുള്ള പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രഖ്യാപനങ്ങൾ
ഒറ്റനോട്ടത്തിൽ
കൊച്ചി കാൻസർ റിസർച്ച് സെന്ററിനെ മദ്ധ്യകേരളത്തിലെ അപെക്‌സ് കാൻസർ സെന്ററായി വികസിപ്പിക്കും. 360 കിടക്കകളുള്ള കെട്ടിടത്തിന്റെ ഒന്നാം ഘട്ടം 2022- 23 സാമ്പത്തിക വർഷം പൂർത്തീകരിക്കും. ഇതിനായി 14.5 കോടി രൂപ.
സിയാലിന് പ്രവർത്തന മൂലധനം വർദ്ധിപ്പിക്കാനായി അവകാശ മൂലധനം ഉറപ്പാക്കാൻ 200 കോടി
കൊച്ചി ജല മെട്രോ പദ്ധതിക്ക് 150 കോടി രൂപ.
കുസാറ്റ്, ഫിഷറീസ് സർവകലാശാലകൾക്ക് 20 കോടി വീതം.
എറണാകുളം -കൊരട്ടി, എറണാകുളം -ചേർത്തല എന്നിവിടങ്ങളിലെ വിപുലീകൃത ഐ.ടി ഇടനാഴികളിൽ 5ജി ലീഡർഷിപ്പ് പാക്കേജ്
കേരള അഗ്രോ മെഷിനറി കോർപ്പറേഷൻ ലിമിറ്റഡിന് അഞ്ചുകോടി
തീര പ്രദേശങ്ങളെ മണ്ണൊലിപ്പിൽ നിന്നും കാലാവസ്ഥ വ്യതിയാനത്തിൽ നിന്നും സംരക്ഷിക്കുന്നതിന് 100 കോടി. ഇത് ചെല്ലാനം മേഖലയ്ക്ക് ഗുണംചെയ്യും.
ആലുവ കടുങ്ങല്ലൂരിലെ കേരള അക്വാ വെഞ്ചേഴ്‌സ് ഇന്റർനാഷനൽ ലിമിറ്റഡിന് 50 ലക്ഷം
കുടുംബശ്രീ ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്താൻ കൊച്ചി കോർപ്പറേഷനിൽ സുസ്ഥിരമായ ഉത്പന്ന വിതരണ ശൃംഖല രൂപീകരിക്കും.
കൊച്ചി -പാലക്കാട് ഹൈടെക് വ്യവസായ ഇടനാഴിയിൽ ഗിഫ്റ്റ് സിറ്റി, വ്യവസായ ഇടനാഴി എന്നിവകളിലായി പ്രതീക്ഷിക്കുന്നത് 10,000 കോടിയുടെ നിക്ഷേപം. പദ്ധതിക്ക് ആവശ്യമായ 2000 ഏക്കറിൽ 1000 ഏക്കർ സംസ്ഥാന പ്ലാൻ വിഹിതം ഉപയോഗിച്ചും 1000 ഏക്കർ കിഫ്ബി ധനസഹായം ഉപയോഗിച്ചും ഏറ്റെടുക്കും.
കേരള സ്റ്റാർട്ടപ്പ് മിഷന് കീഴിൽ കൊച്ചി ടെക്‌നോളജി ഇന്നവേഷൻ സോണിന് 20 കോടി
കേരള ഷിപ്പിംഗ് ആൻഡ് ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷന് 8.31 കോടി. പുതിയ റോ- റോ നിർമ്മാണത്തിന് 10 കോടി
കളമശ്ശേരി അസാപ്പ് സ്‌കിൽ പാർക്കിൽ ഓഗ്‌മെന്റഡ് റിയാലിറ്റി, വെർച്യുൽ റിയാലിറ്റി ലാബുകൾ സ്ഥാപിക്കുന്നതിന് 35 കോടി
പണ്ഡിറ്റ് കറുപ്പൻ സ്മാരകം ചേരാനെല്ലൂർ അൽ ഫാറൂഖ്യ സ്കൂളിന് എതിർവശത്തുള്ള അകത്തട്ട് പുരയിടത്തിൽ സ്ഥാപിക്കും. കറുപ്പന്റെ പ്രതിമ ഉൾപ്പെടുന്ന സ്മാരകത്തിനായി 30 ലക്ഷം