തൊടുപുഴ: മാദ്ധ്യമ പ്രവർത്തകനായിരുന്ന കെ.പി. ഗോപിനാഥിന്റെ സ്മരണയ്ക്കായി ഇടുക്കി പ്രസ്‌ക്ലബ് ഏർപ്പെടുത്തിയ പുരസ്‌കാരം കേരളകൗമുദി ചീഫ് ഫോട്ടോഗ്രഫർ എൻ.ആർ. സുധർമ്മദാസ് ഏറ്റുവാങ്ങി. ഇടുക്കി പ്രസ്‌ക്ലബ് ഹാളിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ ഏഷ്യാനെറ്റ് ന്യൂസ് കൺസൾട്ടിംഗ് എഡിറ്റർ എം.ജി. രാധാകൃഷ്ണൻ 10,001 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന അവാർഡ് സമ്മാനിച്ചു. ടെലിവിഷൻ പോലുമില്ലാത്ത കാലഘട്ടത്തിൽ ദുരന്തങ്ങളടക്കം റിപ്പോർട്ട് ചെയ്യാൻ സഹായിച്ചിരുന്നത് മാദ്ധ്യമപ്രവർത്തകരുടെ കൂട്ടായ്മയായിരുന്നുവെന്ന് എം.ജി. രാധാകൃഷ്ണൻ പറഞ്ഞു. അക്കാലത്ത് മാദ്ധ്യമപ്രവർത്തകർ സാമൂഹ്യരാഷ്ട്രീയ പ്രവർത്തകരുമായി ജൈവപരമായ ബന്ധം നിലനിറുത്തിയിരുന്നു. അതിനർത്ഥം രാഷ്ട്രീയപ്രവർത്തകർക്ക് അനുകൂലമായി വാർത്തകളെഴുതുമെന്നല്ല. പ്രതികൂലമായെഴുതിയാലും അവർക്ക് അഭിപ്രായവ്യത്യാത്യാസമുണ്ടാകില്ലായിരുന്നു. പലരെയും വിമർശിച്ചും കളിയാക്കിയും ധാരാളം റിപ്പോർട്ടുകളെഴുതിയിരുന്നെങ്കിലും അവരുമായുള്ള ബന്ധത്തിൽ യാതൊരു പോറലുമേൽപ്പിച്ചില്ല. പരസ്പരം മത്സരം കുറഞ്ഞ സൗഹൃദത്തിന് പ്രാധാന്യമുണ്ടായിരുന്ന കാലഘട്ടത്തിന്റെ പ്രത്യേകത കൂടിയാകാമതെന്ന് അദ്ദേഹം പറഞ്ഞു. മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ജേക്കബ് ജോർജ് കെ.പി. ഗോപിനാഥ് അനുസ്മരണ പ്രഭാഷണം നടത്തി. പ്രസ്‌ക്ലബ് പ്രസിഡന്റ് എം.എൻ. സുരേഷ് അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി വിനോദ് കണ്ണോളി സ്വാഗതവും വൈസ് പ്രസിഡന്റ് ജെയ്‌സ് വാട്ടപ്പിള്ളി നന്ദിയും പറഞ്ഞു. കൊച്ചി യൂണിറ്റിലെ ഫോട്ടോഗ്രഫറായ സുധർമ്മദാസ് ഇതിനകം മുപ്പതിലധികം പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. കൊവിഡ് ബാധിച്ചതിനെത്തുടർന്ന് ആറുമാസം പ്രായമായ കുഞ്ഞിനെ മുപ്പതുദിവസം നോക്കാനേല്പിച്ച പോറ്റമ്മയിൽനിന്ന് ഏറ്റുവാങ്ങിയ മാതാവ് ലാളിക്കുന്നതും കണ്ണീരണിഞ്ഞു നിൽക്കുന്ന പോറ്റമ്മയുടേതുമായിരുന്നു 2020 ജൂലായ് 16ന് കേരളകൗമുദി പ്രസിദ്ധീകരിച്ച അവാർഡിന് അർഹമായ ചിത്രം.