accident
ഷാഫി

കാലടി: എം.സി റോഡിൽ വേങ്ങൂർ സെന്റ് ജോർജ് കപ്പേളയ്ക്ക് മുമ്പിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം എടപ്പാൾ സ്വദേശി ഷാഫി (26) മരിച്ചു. ഇന്നലെ പുലർച്ചെ 4.45നായിരുന്നു അപകടം. എടപ്പാളിൽനിന്ന് തടി കയറ്റിക്കൊണ്ടുവന്ന 407 മിനിലോറി മുമ്പിൽ സഞ്ചരിച്ച നെല്ല് കയറ്റിവന്ന മറ്റൊരു ലോറിയുടെ പിറകിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽപ്പെട്ട മിനിലോറിയുടെ ഇടതുവശത്തെ സീറ്റിൽ ഇരുന്ന ഉടമ എടപ്പാൾ സ്വദേശി പുത്തൻപള്ളി വീട്ടിൽ ഷാഫിയാണ് മരിച്ചത്. വാഹനത്തിൽ കുടുങ്ങിക്കിടന്ന ഷാഫിയെ അങ്കമാലി ഫയർഫോഴ്സ് എത്തി ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വാഹനഭാഗങ്ങൾ മുറിച്ച് മാറ്റിയാണ് പുറത്തെടുത്തത്. അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ലോറി ഡ്രൈവർ പരിക്കൊന്നും ഇല്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.