തൃക്കാക്കര: തൃക്കാക്കരയിലെ പ്രധാന ബസ് റൂട്ടുകളിൽ അടച്ചുറപ്പുള്ള കാത്തിരിപ്പ് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി റവന്യൂ,നഗരസഭ,മോട്ടോർ വാഹന വകുപ്പ്,പി.ഡബ്ല്യൂ.ഡി എന്നിവരുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തി. വൈറ്റില.പാലാരിവട്ടം,കാക്കനാട് തുടങ്ങിയ പ്രദേശങ്ങളിലാണ് സർവ്വേ നടത്തിയത്.പരിശോധനയിൽ പത്തുകേന്ദ്രങ്ങളിൽ കാത്തിരിപ്പ് കേന്ദ്രങ്ങൾ അത്യാവശ്യമാണെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
എൻ.ജി.ഒ കോർട്ടേഴ്സ് ഓലി മുഗൾ, തൃക്കാക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡ്, അത്താണി ,ഇൻഫോപാർക്ക് , സെസ് തുടങ്ങിയ സ്റ്റോപ്പുകളിൽ കാത്തിരിപ്പ് കേന്ദ്രങ്ങൾ ഉള്ള സ്ഥലം കണ്ടെത്തുന്നതിനായിരുന്നു സർവ്വേ . വൈറ്റില മുതൽ കാക്കനാട് വരെ പത്തോളം കേന്ദ്രങ്ങളിൽ കാത്തിരിപ്പ് കേന്ദ്രങ്ങൾ വേണമെന്നാണ് സർവ്വേയിൽ കണ്ടത്തിയത്.എന്നാൽ പാലാരിവട്ടം മുതൽ ഇൻഫോപാർക്ക് വരെയുള്ള പ്രദേശങ്ങളിൽ മെട്രോ നിർമ്മാണം നടക്കുന്നതിനാൽ പ്രദേശങ്ങളിൽ കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മാണം തത്കാലം നടപ്പാക്കാനാകില്ല. മെട്രോ നിർമ്മാണം പൂർത്തിയാകുന്ന മുറയ്ക്ക് മാത്രമേ അവിടങ്ങളിൽ കാത്തിരിപ്പ് കേന്ദ്രങ്ങൾ സാദ്ധ്യമാകൂ.
യാത്രക്കാരുടെ നിരന്തരമായ പരാതികൾക്ക് പരിഹാരം തേടി ജില്ലാ കളക്ടറുടെ നിർദ്ദേശാനുസരണം സർവ്വേ നടത്തിയത്.
റിപ്പോർട്ട് ഇന്ന് എറണാകുളം എ.ഡി.എം എസ്. ഷാജഹാന് സമർപ്പിക്കും. കളക്ടറുടെ വികസന ഫണ്ടിൽ നിന്ന് മറ്റ് സ്വകാര്യ ഏജൻസികളുടെ സ്പോൺസർഷിപ്പിലുമായിരിക്കും കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കുക.