vollyball-paravur
സംസ്ഥാന യൂത്ത് വോളിബാൾ ചാമ്പ്യൻഷിപ്പ് എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ: സംസ്ഥാന യൂത്ത് വോളിബാൾ ചാമ്പ്യൻഷിപ്പ് നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർസെക്കൻഡറി സ്കൂളിലെ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ തുടങ്ങി. എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വോളിബാൾ അസോസിയേഷന്റെ പതാക പ്രസിഡന്റ് ഡോ. സണ്ണി വി. സക്കറിയയും ജില്ലാ വോളിബാൾ അസോസിയേഷന്റെ പതാക പ്രസിഡന്റ് ബിജോയ് ബാബുവും സ്കൂളിന്റെ പതാക പി.ടി.എ പ്രസിഡന്റ് കെ.ബി. സുഭാഷും ഉയർത്തി. മുൻ ഇന്ത്യൻ വോളിബാൾ ടീം ക്യാപ്ടൻ വി.എ. മൊയ്തീൻ നൈന, സി.കെ. സനൽ, ശശിധരൻ പനമ്പിള്ളി, എ.ബി. തോമസ്, ആൻഡ്രൂസ് കടുത്തൂസ്, പ്രിൻസിപ്പൽ വി. ബിന്ദു, ഹെഡ്മാസ്റ്റർ സി.കെ. ബിജു എന്നിവർ സംസാരിച്ചു.

വനിതാ വിഭാഗത്തിലെ ആദ്യ മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്ക് ആലപ്പുഴ ഇടുക്കിയേയും ഒന്നിനെതിരെ മൂന്നു സെറ്റുകൾക്ക് തിരുവനന്തപുരം എറണാകുളത്തേയും പരാജയപ്പെടുത്തി. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലെ പുരുഷ, വനിതാടീമുകൾ പങ്കെടുക്കുന്ന ദക്ഷിണമേഖല ചാമ്പ്യൻഷിപ്പാണ് നടക്കുന്നത്.

ഇന്ന് വൈകിട്ട് മൂന്നിന് സെമിഫൈനൽ മത്സരങ്ങളും സമാപനദിനമായ നാളെ (ഞായർ) വൈകിട്ട് അഞ്ചിന് ഫൈനൽ മത്സരങ്ങളും നടക്കും. വിജയികൾക്കു മുത്തൂറ്റ് ഫിൻകോർപ് എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ഉദീഷ് ഉല്ലാസ് ട്രോഫി നൽകും. മുൻ ഇന്ത്യൻ വോളിബാൾ താരം ടി.ഡി. ജോസഫിന് (പപ്പൻ) മരണാനന്തര ബഹുമതിയായി സംസ്ഥാന വോളിബാൾ അസോസിയേഷൻ നൽകുന്ന ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡായ ഒരു ലക്ഷം രൂപ അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് കൈമാറും.