പറവൂർ: ദേശീയപാത 66 ഭൂമിയേറ്റെടുക്കൽ പറവൂർ ഓഫീസിൽ കളക്ടർ ജാഫർ മാലിക് സന്ദർശനം നടത്തി. സ്ഥലം ഏറ്റെടുക്കലിന്റെ പുരോഗതി സംബന്ധിച്ച് ജീവനക്കാരുമായി ചർച്ചചെയ്തു. ഏപ്രിൽ പത്തിനകംതന്നെ ഭൂമിയേറ്റെടുക്കൽ പൂർത്തിയാക്കണമെന്ന നിർദേശം നൽകി. സ്ഥലം മാറിപ്പോകുന്ന ഡെപ്യൂട്ടി കളക്ടർ കെ.പി. ജയകുമാറിനെ കളക്ടർ ആദരിച്ചു. ജയകുമാറിന്റെ നേതൃത്വത്തിൽ നാലുമാസം കൊണ്ട് 501 കോടിരൂപ വിതരണംചെയ്തിട്ടുണ്ട്. ഭൂവുടമകൾ പൂർണമായ രേഖകൾ നൽകാത്തതിനാൽ പ്രത്യേക അക്കൗണ്ടിൽ നിക്ഷേപിച്ച തുക ഉൾപ്പെടെ 764 കോടി രൂപയുടെ അവാർഡ് പാസാക്കിക്കഴിഞ്ഞു. പത്ത് ഹെക്ടറോളം സ്ഥലം ഏറ്റെടുത്തു. ഇടപ്പള്ളി നോർത്ത്, ചേരാനല്ലൂർ, വരാപ്പുഴ, ആലങ്ങാട്, കോട്ടുവള്ളി, പറവൂർ, മൂത്തകുന്നം, വടക്കേക്കര വില്ലജ് ഓഫീസുകളുടെ പരിധിയിലൂടെയാണ് ഇടപ്പള്ളി - മൂത്തകുന്നം മേഖലയിൽ ദേശീയപാത കടന്നുപോകുക. നഷ്ടപരിഹാരമായി ആകെ 1386.6 കോടി രൂപയാണ് വിതരണം ചെയ്യുക. നടപടികൾ വേഗത്തിലാക്കാൻ ഓഫീസിൽ സോഫ്റ്ര് വെയർ അപ്ഡേറ്റ് ചെയ്തുവരികയാണ്. പുതിയ ഡെപ്യൂട്ടി കളക്ടർ ഡോ. ജെ.ഒ. അരുൺ ചുമതലയേറ്റു.