കെ.പി.എസ്.ടി.എ സംസ്ഥാനസമ്മേളനം തുടങ്ങി
കൊച്ചി: പ്രശ്നങ്ങൾ പഠിക്കാനും പരിഹരിക്കാനും ശ്രമിക്കാതെ ഏകപക്ഷീയമായ തീരുമാനങ്ങളിലൂടെ കേരളത്തിന്റെ വിദ്യാഭ്യാസമേഖലയെ സർക്കാർ അനിശ്ചിതത്വത്തിലാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് അഡ്വ.വി.ഡി. സതീശൻ പറഞ്ഞു. കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2000 കോടി രൂപ സിൽവർലൈൻ പദ്ധതിക്കായി മാറ്റിവച്ച സർക്കാർ പാവപ്പെട്ട കുട്ടികൾക്ക് ഉച്ചഭക്ഷണ പദ്ധതിക്കായി പുതിയ ബഡ്ജറ്റിൽ തുക അനുവദിക്കാത്തത് പൊതുവിദ്യാഭ്യാസ മേഖലയോടുള്ള സർക്കാർ സമീപനമാണ് വ്യക്തമാകുന്നത്. കിഫ്ബിയുടെ പേരിൽ പുതിയ വിദ്യാലയങ്ങൾ ഉണ്ടാക്കിയെന്ന് അവകാശപ്പെടുന്നവർ നിയമസഭാംഗങ്ങൾക്ക് ഫണ്ട് അനുവദിച്ച യു.ഡി.എഫ് സർക്കാരിനെക്കുറിച്ച് ചർച്ച ചെയ്യുന്നില്ല. മോദി സർക്കാർ കൊണ്ടുവരുന്ന ദേശീയ വിദ്യാഭ്യാസനയം വാശിയോടുകൂടി ഖാദർ കമ്മിറ്റിയിലൂടെ നടപ്പിലാക്കാൻ ശ്രമിക്കുന്നു. ഉന്നതവിദ്യാഭ്യാസനയം അഴിമതിയും ധൂർത്തും സ്വജനപക്ഷപാതവുമായി മാറി. നിയമനനിരോധനവും അദ്ധ്യാപക ദ്രോഹവുംമൂലം അദ്ധ്യാപകരുടെ ശാപം ലഭിക്കുന്ന സർക്കാരായി ഇടതുസർക്കാർ മാറിയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് എം. സലാഹുദ്ദീ അദ്ധ്യക്ഷത വഹിച്ചു.
ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെ.പി.സി.സി എക്സിക്യുട്ടിവ് അംഗം കെ.പി. ധനപാലൻ, ടി. ശരത്ചന്ദ്രപ്രസാദ്, കൗൺസിലർ മനു ജേക്കബ്, സംസ്ഥാന ജനറൻ സെക്രട്ടറി സി. പ്രദീപ്, ട്രഷറർ എസ്. സന്തോഷ്‌കുമാർ, എം. ഷാജു, കെ. അബ്ദുൽ മജീദ്, പി.കെ. അരവിന്ദൻ, ഷാഹിദ റഹ്മാൻ, അനിൽ വട്ടപ്പാറ, എൻ. ജയപ്രകാശ്, കെ.എൽ ഷാജു, നിസാം ചിതറ, പി.കെ. ജോർജ്, ഷാജി മോൻ, ശ്യാംകുമാർ, കെ .രമേശൻ എന്നിവർ സംസാരിച്ചു.