കൊച്ചി/മൂവാറ്റുപുഴ: കെ.എസ്.ആർ.ടി.സി മുൻ ഡ്രൈവർ നടുറോഡിൽ ദേഹത്ത് പെട്രോളൊഴിച്ച് ആത്മാഹുതി ചെയ്തു. മൂവാറ്റുപുഴ തീക്കൊള്ളിപ്പാറയിൽ നട്ടുച്ചയ്ക്ക് റബർതോട്ടത്തിനോട് ചേർന്നുള്ള റോഡിലായിരുന്നു സംഭവം.
മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപം താമസിക്കുന്ന കുന്നേൽ കെ.എൻ. അജയകുമാറാണ് (ബേബിക്കുട്ടൻ 58) ജീവനൊടുക്കിയത്. കടുത്ത സാമ്പത്തിക ബാദ്ധ്യതയാണ് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് അജയകുമാർ തീക്കൊള്ളിപ്പാറയിലെത്തിയത്. സമീപവാസിയായ വീട്ടമ്മ തീഗോളംകണ്ട് ബഹളംവച്ചതോടെ നാട്ടുകാർ ഓടിക്കൂടി വെള്ളമൊഴിച്ച് രക്ഷിക്കാൻ ശ്രമിച്ചു. മൂവാറ്റുപുഴ ഫയർഫോഴ്സ് സിവിൽ ഡിഫൻസ് ടീമും പൊലീസും പിന്നാലെയെത്തി. മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്നലെ വൈകിട്ടുതന്നെ ഇൻക്വസ്റ്റ് പൂർത്തിയാക്കി. ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
മൂവാറ്റുപുഴ ഡിപ്പോയിൽ ഡ്രൈവറായിരുന്ന അജയകുമാർ രണ്ടുവർഷം മുമ്പാണ് വിരമിച്ചത്. അജയകുമാർ വൻതുക പലിശയ്ക്ക് നൽകിയിരുന്നതായാണ് അറിയുന്നത്. ജീവനൊടുക്കുംമുമ്പ് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ വോയ്സ് മെസേജ് ഇട്ടിരുന്നു. ഇത് പൊലീസ് ശേഖരിച്ചിട്ടുണ്ട്. രാവിലെ ക്ഷേത്രദർശനം കഴിഞ്ഞ് പാഷൻപ്രോ ബൈക്കിലാണ് എത്തിയത്. ബൈക്കിൽനിന്ന് ഏറെ ദൂരെയായിരുന്നു കത്തിക്കരിഞ്ഞ മൃതദേഹം കണ്ടത്. ബൈക്കിൽനിന്ന് ബാങ്ക് രേഖകളും മറ്റും കണ്ടെടുത്തിട്ടുണ്ട്. അടുത്തിടെയായിരുന്നു മകളുടെ വിവാഹം. ഭാര്യ: ഉമാദേവി. മകൾ: കീർത്തന. മരുമകൻ: അമൽ.