കൊച്ചി: എറണാകുളം ലാ കോളേജ് വിദ്യാ‌ർത്ഥിനിയെ അപമാനിച്ച സംഭവത്തിൽ സഹപാഠിയെ പൊലീസ് അറസ്റ്റുചെയ്തു. തട്ടേക്കാട് പാലമറ്റം ആടുപിഴ വീട്ടിൽ ആന്റണി ജോസാണ് (24) പിടിയിലായത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. കോളേജ് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള കൊട്ടിക്കലാശം നടക്കുന്നതിനിടെ യുവതിയെ ക്ലാസ് മുറിയിൽവച്ച് അപമാനിച്ചെന്നാണ് പരാതി. അഞ്ചാംവ‌ർഷ വിദ്യാ‌ർത്ഥിയാണ് പരാതി നൽകിയത്.

ക്ലാസ് മുറിയിൽ പഠനത്തിന്റെ ഭാഗമായുള്ള അസൈൻമെന്റ് എഴുതുകയായിരുന്നു വിദ്യാർത്ഥിനി. സഹപാഠിയിൽനിന്ന് മോശം അനുഭവമുണ്ടായതിന് പിന്നാലെ പെൺകുട്ടി പ്രതികരിച്ചു. ഇതോടെ വിവരം മറ്ര് വിദ്യാ‌ർത്ഥികൾ അറിഞ്ഞു. തുട‌ർന്ന് ഇതേച്ചൊല്ലി വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. തിരഞ്ഞെടുപ്പിന്റെ ഭാഗമായി കൊച്ചി സിറ്റിപൊലീസ് ഏതാനും പൊലീസ് ഉദ്യോഗസ്ഥരെ ഇവിടെ സുരക്ഷയ്ക്കായി നിയമിച്ചിരുന്നു. സംഭവമറിഞ്ഞെത്തിയ പൊലീസുകാർ കൺട്രോൾറൂമിലേക്ക് വിവരം കൈമാറി. തുട‌ർന്ന് എറണാകുളം സെൻട്രൽ പൊലീസ് വിദ്യാർ‌ത്ഥിനിയിൽനിന്ന് മൊഴി രേഖപ്പെടുത്തി തുടർ‌നടപടി സ്വീകരിക്കുകയായിരുന്നു. ഇന്നലെ രാത്രി പ്രതിയെ മജിട്രേറ്റിന് മുന്നിൽ ഹാജരാക്കി.