
കൊച്ചി: ശബരിമല സ്ത്രീപ്രവേശന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികലയ്‌ക്കെതിരെ തൊടുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസും അതിലെ തുടർനടപടികളും ഹൈക്കോടതി റദ്ദാക്കി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശശികല നൽകിയ ഹർജിയിലാണ് ജസ്റ്റിസ് കെ. ഹരിപാലിന്റെ ഉത്തരവ്. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 2019 ജനുവരി രണ്ടിന് വൈകിട്ട് ആറിന് തൊടുപുഴ മണക്കാട് ജംഗ്ഷനിൽ അനധികൃതമായി യോഗം ചേർന്നെന്നും ഒരാളെ ആക്രമിച്ചെന്നുമാണ് ശശികലയ്ക്കും മറ്റുമെതിരെ തൊടുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസ്. ഹർജിക്കാരിക്കെതിരെ തെളിവുകളോ ആരോപണമോ ഇല്ലെന്ന് ശശികലയ്ക്കു വേണ്ടി ഹാജരായ അഡ്വ. വി. സജിത് കുമാർ വ്യക്തമാക്കി. കേസിൽ ആദ്യം ഹർജിക്കാരി പ്രതിയായിരുന്നില്ല. പിന്നീട് ഉൾപ്പെടുത്തിയതാണെന്നും അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു.