
# ചിക്കന് ഒരുമാസത്തിനിടെ ഇരട്ടിവില
# വില വർദ്ധിപ്പിക്കുമെന്ന് ഹോട്ടലുകൾ
കൊച്ചി: കോഴിയിറച്ചി, ഭക്ഷ്യയെണ്ണ, പരിപ്പ്, പയർ എന്നിവയുൾപ്പെടെ പലവ്യഞ്ജനങ്ങൾക്ക് വില കുതിച്ചുയരുന്നത് ഹോട്ടലുകളെ പ്രതിസന്ധിയിലാക്കി. പ്രവർത്തന ചെലവുപോലും ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. വിലക്കയറ്റം തുടർന്നാൽ വിഭവങ്ങൾക്ക് വിലവർദ്ധിപ്പിക്കുമെന്ന് ഹോട്ടലുടമകൾ പറഞ്ഞു.
കോഴിയിറച്ചിയുടെ വില ഒരുമാസത്തിനിടെ ഇരട്ടിയായി വർദ്ധിച്ചു. ചിക്കൻ വിപണി നിയന്ത്രിക്കുന്ന തമിഴ്നാട്ടിലെ ഒരു മൊത്തവിതരണക്കാരന്റെ ലാഭക്കൊതിയാണ് സംസ്ഥാനത്തെ ചിക്കൻ വിലവർദ്ധനവിന് കാരണം. ചിക്കൻ വില നിയന്ത്രിക്കാൻ ചിക്കൻ ലോബി തയ്യാറായില്ലെങ്കിൽ സംസ്ഥാനത്തെ ചിക്കൻ വിപണിയുടെ 75 ശതമാനം ഉപഭോക്താക്കളായ ഹോട്ടലുകൾ ചിക്കൻ വിഭവങ്ങൾ ബഹിഷ്കരിക്കുവാൻ തീരുമാനമെടുക്കേണ്ടിവരുമെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലും സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. ബാലകൃഷ്ണപൊതുവാളും പറഞ്ഞു.
അന്യസംസ്ഥാന ലോബികളുടെ ലാഭക്കൊതിക്കെതിരെ ചെറുവിരലനക്കാതെ ഹോട്ടലുടമകൾക്കെതിരെ നടപടി സ്വീകരിക്കാനാണ് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ ഉത്സാഹിക്കുന്നത്.
ചിക്കനും ഭക്ഷ്യയെണ്ണയ്ക്കും പലവ്യഞ്ജനങ്ങൾ ഉൾപ്പെടെ നിത്യോപയോഗ സാധനങ്ങൾക്കു വില കുതിച്ചുയർന്നിട്ടും സർക്കാർ ഇടപെടാത്തതിൽ അസോസിയേഷൻ പ്രതിഷേധിച്ചു. വിലക്കയറ്റം നിയന്ത്രിക്കാൻ വിപണിയിലിടപെട്ട് നടപടികൾ സ്വീകരിക്കേണ്ട സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ ഹോട്ടലുടമകൾക്കെതിരെ പ്രതികാരമനോഭാവത്തോടെ നടപടികളെടുക്കുന്നത് അവസാനിപ്പിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.