കൊച്ചി: കോതമംഗലം പീസ്‌വാലിയിൽ പീപ്പിൾസ് ഫൗണ്ടേഷൻ സഹകരണത്തോടെ ആരംഭിച്ച സെന്റർ ഫോർ വൊക്കേഷണൽ ടെയിനിംഗ് ആൻഡ് റിഹാബിലിറ്റേഷൻ കേന്ദ്രം പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. എൽ.ഇ.ഡി ബൾബ്, പേപ്പർബാഗ് നിർമ്മാണം, സ്‌ക്രീൻപ്രിന്റിംഗ് തുടങ്ങിയവയിലാണ് പരിശീലനം. പീസ്‌വാലിയിലെ ചികിത്സാകാലത്തുതന്നെ പരിശീലനം നൽകും. രോഗികളുടെ
പുനരധിവാസത്തിന് സഹായകരമായ രീതിയിൽ ഉത്പന്നങ്ങളുടെ വിപണനം നടത്തും. അപകടങ്ങളും രോഗങ്ങളും മൂലം ചക്രകസേരയിൽ ജീവിതം ഒതുങ്ങിപോയവർക്ക് സ്വയംതൊഴിൽ കണ്ടെത്താൻ പരിശീലനം വഴിതുറക്കുമെന്ന് എം.കെ. മുഹമ്മദലി പറഞ്ഞു. പീസ്‌വാലി ചെയർമാൻ പി.എം. അബൂബക്കർ പദ്ധതി വിശദീകരിച്ചു. രാജീവ് പള്ളുരുത്തി, ഉമർ ആലത്തൂർ, കെ.കെ. സലീം, ഷംസുദ്ദീൻ നദ്‌വി, മുഹമ്മദ് ഉമർ, മജീദ് എന്നിവർ സംസാരിച്ചു.