കാലടി: കാലടി പഞ്ചായത്ത് ആയുർവേദ ആശുപത്രി മാണിക്യമംഗലത്തുനിന്ന് മാറ്റുന്നതിനെതിരെ പഞ്ചായത്ത് കമ്മറ്റിയിൽ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി ഏഴാംവാർഡ് മെമ്പർ സ്മിത ബിജു. കഴിഞ്ഞ മുപ്പത് വർഷത്തിലധികമായി ആയുർവേദ ആശുപത്രി പ്രവർത്തിച്ചിരുന്നത് മാണിക്യമംഗലത്താണ്. വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ആശുപത്രിക്കെട്ടിടത്തിന്റെ കാലപ്പഴക്കംമൂലം മാറ്റണമെന്ന് ഉടമ ആവശ്യപ്പെട്ടെന്ന കാരണം പറഞ്ഞാണ് ആശുപത്രി അവിടെ നിന്ന് മാറ്റുന്നതെന്ന് മെമ്പർ ആരോപിക്കുന്നു. കഴിഞ്ഞ ഭരണസമിതിയുടെ ശ്രമഫലമായി മാണിക്യമംഗലം തുറക്ക് സമീപത്ത് കെട്ടിടം പണിയുന്നതിന് തുക അനുവദിച്ച് പണി തുടങ്ങിയതായിരുന്നു. എന്നാൽ ചിലരുടെ അനാവശ്യപരാതിയിൽ കെട്ടിടംപണി തടസപ്പെട്ടു. കാലടി പഞ്ചായത്ത് കെട്ടിടത്തിലേക്കാണ് ആശുപത്രി മാറ്റാൻ പഞ്ചായത്ത് ഉദ്ദേശിക്കുന്നത്. ആയുർവേദ ആശുപത്രി മാണിക്യമംഗലത്ത് തന്നെ നിലനിറുത്തിയില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സ്മിത ബിജു പറഞ്ഞു.