കൊച്ചി: നഗരത്തിൽ വഴിയോര കച്ചവടം ഇനി നിശ്ചിത സ്ഥലങ്ങളിൽ മാത്രം. വഴിയോര കച്ചവടം അനുവദനീയമായ സോണുകൾക്ക് കഴിഞ്ഞ ദിവസം നടന്ന കോർപ്പറേഷൻ കൗൺസിൽ അംഗീകാരം നൽകി. പനമ്പള്ളിനഗർ, ഫോർട്ടുകൊച്ചി എന്നീ ഡിവിഷനുകളിലെ കേന്ദ്രങ്ങൾ സംബന്ധിച്ച് അതാത് കൗൺസിലർമാർ നിർദ്ദേശിച്ച ഭേദഗതികൾ കൂടി ഉൾപ്പെടുത്തി സോണുകളുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.
ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് അനധികൃത വഴിയോര കച്ചവടം നിയന്ത്രിക്കാനുള്ള നടപടികൾ കോർപ്പറേഷൻ സ്വീകരിക്കുന്നത്. ആദ്യ ഘട്ടമായി വഴിയോര കച്ചവട നിയമാവലിക്ക് കോർപ്പറേഷൻ അംഗീകാരം നൽകിയിരുന്നു. അംഗീകാരമുള്ള വഴിയോര കച്ചവടക്കാർക്കു ലൈസൻസ് നൽകിയിരുന്നു. ആയിരത്തോളം അപേക്ഷകൾ ഇനിയും കോർപ്പറേഷന്റെ പരിഗണനയിലുണ്ട്.
നിയമാവലിയുടെ അടിസ്ഥാനത്തിലാണ് ഏതൊക്കെ സ്ഥലങ്ങളിൽ വഴിയോര കച്ചവടമാകാമെന്നു വ്യക്തമാക്കുന്ന 'സ്ട്രീറ്റ് വെൻഡിംഗ് പ്ലാനിന്' രൂപം നൽകിയിട്ടുള്ളത്. സെന്റർ ഫോർ സോഷ്യോ ഇക്കണോമിക് ആൻഡ് എൻവയൺമെന്റൽ സ്റ്റഡീസ് തയ്യാറാക്കിയ പ്ലാനിനാണു കൗൺസിൽ അംഗീകാരം നൽകിയത്.
 നിർണ്ണായക തീരുമാനം
നഗരത്തിൽ എവിടെയെല്ലാം വഴിയോര കച്ചവടം അനുവദിക്കാമെന്നതു സംബന്ധിച്ചു വ്യക്തമായ രൂപരേഖയാണു കോർപ്പറേഷൻ തയ്യാറാക്കിയിട്ടുള്ളത്. സോണിൽ ഉൾപ്പെടാത്ത സ്ഥലത്ത് ഒരു കാരണവശാലും വഴിയോര കച്ചവടം അനുവദിക്കില്ല. നഗരത്തിന്റെ ഭാവി വികസനത്തിൽ ഇതു നിർണായക ഇടപെടലാകും.
എം. അനിൽകുമാർ,
മേയർ.
വഴിയോര കച്ചവടം
അനുവദിക്കുന്നത്
കോർപ്പറേഷനിലെ വിവിധ റോഡുകളുടെ അരികിലായി മൊത്തം മൂന്നര കിലോമീറ്റർ ദൂരത്തിലാണു സ്ട്രീറ്റ് വെൻഡിംഗ് സോണുകൾ കണ്ടെത്തിയിട്ടുള്ളത്. ഫോർട്ട് കൊച്ചിയിലെ പ്രിൻസസ് സ്ട്രീറ്റ്, ബീച്ച് വാക്‌വേ, ജെട്ടി റോഡ്, ജവഹർ റോഡ്, സാന്റോ ഗോപാലൻ റോഡ്, പഴയ എൻ.എച്ച് 17, നടക്കടവ് റോഡ്, ഹോസ്പിറ്റൽ റോഡ്, ഫോർട്ടി ഫീറ്റ് റോഡ്, മുണ്ടംവേലി റോഡ്, കൊച്ചു പള്ളി റോഡ്, ഫോർട്ട് കൊച്ചി വെളി റോഡ്, കുണ്ടന്നൂർ ഐലൻഡ് റോഡ്, പേരണ്ടൂർ റോഡ്, കുന്നുംപുറം അമൃത റോഡ്, സ്റ്റേഡിയം ലിങ്ക് റോഡ്, തമ്മനം– പുല്ലേപ്പടി റോഡ്, മഹാകവി വൈലോപ്പിള്ളി റോഡ്, വൈറ്റില– തൃപ്പൂണിത്തുറ റോഡ്, സഹോദരൻ അയ്യപ്പൻ റോഡ്, സുഭാഷ് ചന്ദ്രബോസ് റോഡ്, കലൂർ– കടവന്ത്ര റോഡ്, ബണ്ട് റോഡ്, പനമ്പിള്ളി നഗർ അവന്യു മെയിൻ റോഡ്, ബണ്ട് റോഡ്, മുല്ലശേരി കനാൽ റോഡ്, സൗത്ത് റെയിൽവേ സ്റ്റേഷൻ റോഡ്, മാർക്കറ്റ് റോഡ്, സലീം രാജൻ റോഡ്, ഉദയനഗർ റോഡ്, ഷൺമുഖം റോഡ്, ഗോശ്രീ ചാത്യാത്ത് റോഡ്, ഏബ്രഹാം മാടമാക്കൽ റോഡ്, എസ്.ആർ.എം ക്രോസ് റോഡ് തുടങ്ങിയവയാണ് സ്ട്രീറ്റ് വെൻഡിംഗ് സോണുകൾക്കായി പരിഗണിക്കുന്ന റോഡുകൾ. ഓരോ റോഡിലും എവിടെ, എത്ര ദൂരത്തിൽ അനുവദിക്കുമെന്ന് പ്ലാനിൽ കൃത്യമായി രേഖപ്പെടുത്തും. അവിടെ മാത്രമേ കച്ചവടം അനുവദിക്കൂ.