കളമശേരി: മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിൽ കളമശേരി നിയോജക മണ്ഡലത്തിൽ സംഘടിപ്പിക്കുന്ന മെഗാ സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് 20 ന് ഗവ.പോളിടെക്നിക്കിൽ നടക്കും. മോഡേൺ ചികിത്സാ രംഗത്തെ ജനറൽ, സ്പെഷ്യാലിറ്റി സൂപ്പർ സ്പെഷ്യാലിറ്റി ,ആയൂർവേദം, ഹോമിയോ തുടങ്ങിയ ചികിത്സാ സൗകര്യവും ജില്ലയിലെ പ്രധാന സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരുടെ സേവനവും കാൻസർ നിർണ്ണയ ക്യാമ്പും ശസ്ത്രക്രിയാ സൗകര്യവും തിമിര ശസ്ത്രക്രിയയും സൗജന്യ കണ്ണടയും ലഭിക്കുമെന്നും മന്ത്രി പി.രാജീവ് പറഞ്ഞു. രജിസ്ട്രേഷൻ സൗകര്യം ഇന്നുകൂടി ഉണ്ടായിരിക്കും. മണ്ഡലത്തിലെ 6 തദ്ദേശ സ്ഥാപനങ്ങളിലും പ്രവർത്തനം നടന്നു. രാവിലെ 8 മണിക്ക് തുടങ്ങുന്ന ക്യാമ്പിൽ എത്തുന്നതിന് 7 മണി മുതൽ 20 വാഹനങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ട്. എല്ലാ മാർച്ചുമാസത്തിലും 'ഒപ്പം ' പദ്ധതി നടപ്പിലാക്കും. ജലാശയങ്ങൾ വീണ്ടെടുക്കുക, ഓപ്പറേഷൻ വാഹിനി, കിണർ റീ ചാർജ്, എക്കൽ ,പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യൽ, അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായുള്ള മൈക്രോ സർവ്വേ തുടങ്ങിയവ വേഗത്തിലാക്കുമെന്നും ഏലൂരിൽ നടന്ന വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു. ഏലൂർ നഗരസഭ ചെയർമാൻ എ.ഡി. സുജിലും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.