fg

കൊച്ചി: വടുതലയിൽ ആരംഭിച്ച് കൊച്ചി നഗരത്തിന് വലയം തീർക്കുന്ന നിർദ്ദിഷ്ട റിംഗ് റോഡ് പദ്ധതി അതിവേഗം നടപ്പാക്കാൻ ജി.സി.ഡിഎ നടപടികൾ ആരംഭിച്ചു. പദ്ധതി നടത്തിപ്പ് ജി.സി.ഡി.എയുടെ സജീവ പരിഗണനയിലുണ്ടെന്നും കിഫ്ബി ചെയർമാനുമായി തുടർനടപടികൾ ചർച്ച ചെയ്യുമെന്നും ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള സോഷ്യൽ വെൽഫെയർ ആക്ഷൻ അലയൻസ് സൊസൈറ്റി (സ്വാസ്) അംഗങ്ങളെ അറിയിച്ചു.

പദ്ധതി നടത്തിപ്പിനായി പ്രത്യേക കലണ്ടർ തയാറാക്കും. ഏകോപനത്തിന് ജി.സി.ഡി.എ മുൻകൈയെടുക്കുമെന്നും മേൽനോട്ടത്തിന് പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കുമെന്നും ചെയർമാൻ അറിയിച്ചു. കാലങ്ങളേറെയായി ഉയർന്നുകേൾക്കുന്നതാണ് റിംഗ്റോഡ് പദ്ധതി. മറൈൻഡ്രൈവ് പദ്ധതിയുടെ തുടർച്ചയായി 2006 മുതൽ ജി.സി.ഡി.എയുടെ പദ്ധതിയിൽ റിംഗ്‌റോഡുണ്ട്.

 ദൂരം : 64കിലോമീറ്റർ

മറൈൻഡ്രൈവിൽ നിന്ന് ആരംഭിച്ച് കൊച്ചി നഗരത്തിന്റെ വടക്ക് ഭാഗത്തുള്ള ഒറ്റപ്പെട്ട ദ്വീപുകളെ ബന്ധിപ്പിച്ച് വരാപ്പുഴ, ആലങ്ങാട്, നെടുമ്പാശ്ശേരി വിമാനത്താവളം, വാഴക്കുളം, എടത്തല, പുത്തൻകുരിശ്, ചോറ്റാനിക്കര, മുളന്തുരുത്തി, ഉദയംപേരൂർ വഴി കുമ്പളം നഗരത്തിന്റെ തെക്ക് ഭാഗത്ത് എത്തിച്ചേരും. കണ്ടെയ്‌നർ റോഡ്, എൻ.എച്ച് 66, എൻ.എച്ച് 47, എൻ.എച്ച് 49 എന്നീ പ്രധാന റോഡുകളെ ബന്ധിപ്പിച്ച് കടന്നുപോകുന്നതാണ് പദ്ധതി.

 ചെലവ് ഉയരും

ഭേദഗതികളോടെ പദ്ധതി നടപ്പാക്കുമ്പോൾ നേരത്തെ പ്രതീക്ഷിച്ച 360കോടിയിൽ നിന്ന് 1,100 കോടി രൂപയായി ചെലവ് വർദ്ധിക്കും. പ്രദേശത്ത് പട്ടയം ഇല്ലാതെ താമസിച്ചുവരുന്ന 167 കുടുംബങ്ങൾക്ക് അവിടെ തന്നെ ഫ്‌ളാറ്റ് നൽകി പുനരധിവസിപ്പിക്കാൻ ഉൾപ്പെടെയാണിത്. ജി.സി.ഡി.എയുടെ 2016-17ലെ വാർഷിക റിപ്പോർട്ടിൽ 500 കോടി രൂപ റിംഗ് റോഡ് ഒന്നാംഘട്ടത്തിനായി ഉൾക്കൊള്ളിച്ചിരുന്നു. കാര്യമായി ഒന്നും നടന്നില്ല. വടുതല ഭാഗത്തെ കായൽ നികന്ന പ്രദേശത്ത് യാതൊരു രേഖയും ഇല്ലാതെ താമസിക്കുന്നവരുടെ പുനരധിവാസം വലിയ പ്രശ്നമായി ഉയർന്നുവരാൻ സാദ്ധ്യതയുണ്ട്.