മരട്: ജി.ഐ.എസ് മാപ്പിംഗ് പ്രോജക്ട്, വിവരശേഖരണ പദ്ധതി നടപ്പിലാക്കി മരട് നഗരസഭ സമ്പൂർണ ഡിജിറ്റലൈസാവുന്നു. ഹൈബി ഈഡൻ എം.പി ഡ്രോൺ പറത്തിക്കൊണ്ട് പദ്ധതി ഉദ്ഘാടനം നിർവ്വഹിച്ചു. മരട് നഗരസഭ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഫീൽഡ് മാപ്പ് സർവ്വേ ഉദ്ഘാടനം കെ. ബാബു എം.എൽ.എ നിർവ്വഹിച്ചു.
ഊരാളുങ്കൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജനക്ഷേമപദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുവാൻ ആവശ്യമായ വിവരങ്ങൾ ശേഖരിക്കുകയാണ് ലക്ഷ്യം. ആധുനിക വിവരസാങ്കേതിക വിദ്യയുടെ സഹായത്താൽ നടപ്പിലാക്കുന്ന പദ്ധതി പ്രകാരം നഗരസഭയുടെ പരിധിയിലെ മുഴുവൻ കെട്ടിടങ്ങളും ഫോട്ടോ ഉൾപ്പെടെയുള്ള സമ്പൂർണ്ണ വിവരങ്ങൾ ഉൾപ്പെടുത്തി മാപ്പ് ചെയ്യുന്നതോടൊപ്പം റോഡുകൾ, ലാൻഡ്മാർക്കുകൾ, തണ്ണീർതടങ്ങൾ, സൂക്ഷ്മതല ഭൂവിനിയോഗ മാപ്പുകൾ എന്നിവ ഒരു വെബ്ബ് പോർട്ടലിൽ ആവശ്യാനുസരണം സെർച്ച് ചെയ്ത് പരിശോധിക്കാൻ കഴിയും. കൂടാതെ റോഡ്, പാലം, കലുങ്കുകൾ, ഡ്രെയിനേജ്, കനാൽ, റോഡ് ജംഗ്ഷൻ റോഡ് സിഗ്‌നൽ, ഡിവൈഡർ, പാർക്കിംഗ് ഏരിയ എന്നിവയുടെ ഫോട്ടോയുൾപ്പടെയുള്ള വിവരങ്ങളും തരിശ്ശുനിലങ്ങൾ, തണ്ണീർതടങ്ങൾ, വയലുകൾ എന്നിവയുടെ പൂർണ്ണ വിവരങ്ങളും ശേഖരിച്ച് മാപ്പ് ചെയ്യുന്നു. നാൽപ്പത്തിയഞ്ച് ലക്ഷം രൂപയാണ് പദ്ധതിക്ക് വകയിരിത്തിയിട്ടുള്ളത്. ഇതു സംബന്ധിച്ച് സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, റെസിഡൻസ് അസോസിയേഷൻ തുടങ്ങിയവയുടെയും ഉദ്യോഗസ്ഥരുടെയും യോഗം 16 ന് പെട്രോ ഹൗസിൽ നടക്കും.
ചടങ്ങിൽ വൈസ് ചെയർപേഴ്‌സൺ അഡ്വ. രശ്മി സനിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.ഡി. രാജേഷ്, മിനി ഷാജി, ചന്ദ്രകലാധരൻ, അജിത നന്ദകുമാർ, ബെൻഷാദ് നടുവിലവീട്, കൗൺസിലർമാരായ സി.ആർ.ഷാനവാസ്, സിബി സേവ്യർ, ശോഭ ചന്ദ്രൻ, റിനി തോമസ്, മോളി ഡെന്നി, ജയ ജോസഫ്, ജെയ്‌നി പീറ്റർ, എ.ജെ.തോമസ്, ബിനോയ് ജോസഫ്, റിയാസ് കെ. മുഹമ്മദ്, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.മുഹമ്മദ് കുട്ടി, സി.ഡി.എസ് ചെയർപേഴ്‌സന്മാരായ അനില സന്തോഷ്, ജിഷ വിപിൻദാസ്, ഊരാലുങ്കൽ സൊസൈറ്റി വൈസ് പ്രസിഡന്റ് ഹേമലത എന്നിവർ സംസാരിച്ചു.