ആലുവ: മൂന്ന് പതിറ്റാണ്ടിലേറെയായി തരിശായിക്കിടന്ന കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ എരമം എടയാറ്റുചാൽ പാടശേഖരത്തിലെ നെൽക്കൃഷി വിളവെടുപ്പ് നാടിന്റെ കാർഷികോത്സവമായി. ഗ്രാമ - ബ്ളോക്ക് പഞ്ചായത്തുകളുടെയും കൃഷിവകുപ്പിന്റെയും സഹകരണത്തോടെ 255 ഏക്കറിലാണ് നാലുമാസം മുമ്പ് വിത്തിറക്കിയത്.
ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് തരിശുഭൂമികളിൽ കൃഷിയിറക്കാനുള്ള പദ്ധതി രൂപീകരിച്ചതിനെ തുടർന്നാണ് എടയാറ്റുചാലിൽ കൃഷിയാരംഭിച്ചത്. കൃഷി വകുപ്പുമായി സഹകരിച്ച് ആവശ്യമായ ട്രാക്ടറുകൾ, കൊയ്ത്തുമെഷീൻ എന്നിവ ലഭ്യമാക്കി. അത്യാധുനിക ശേഷിയുള്ള മോട്ടോറുകളാണ് ഉപയോഗിച്ചത്. വർഷങ്ങൾക്ക് ശേഷമാണ് ജില്ലയിൽ ഇത്രയും വിശാലമായ പാടശേഖരത്തിൽ ഒരുമിച്ച് കൃഷിയിറക്കിയത്.
കുട്ടനാടൻ കൃഷിക്കാരുടെ മേൽനോട്ടം
വിളനിലം ഒരുക്കൽ മുതൽ കൊയ്ത്തുവരെയുള്ള വിവിധ ഘട്ടങ്ങളിൽ കുട്ടനാടൻ കൃഷിക്കാരുടെ മേൽനോട്ടമുണ്ടായിരുന്നു. എടയാറ്റുചാൽ നെല്ലുത്പാദന സമിതിയാണ് കൃഷിക്ക് ആവശ്യമായ പശ്ചാത്തല സൗകര്യമൊരുക്കിയത്.
മന്ത്രി പി. രാജീവ് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് കർഷകരെ ആദരിച്ചു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് മുഖ്യപ്രഭാഷണം നടത്തി. നെല്ലുത്പാദകസമിതി പ്രസിഡന്റ് പി.എ. അബൂബക്കർ സ്വാഗതവും കുട്ടനാടൻ കർഷകൻ എ. ജയകുമാർ നന്ദിയും പറഞ്ഞു.
11 പഞ്ചായത്ത് അംഗങ്ങൾ ബഹിഷ്കരിച്ചു
മന്ത്രി പി. രാജീവിനെ കൊയ്ത്തുത്സവത്തിന്റെ ഉദ്ഘാടകനാക്കിയതിനെതിരെ 11 പഞ്ചായത്ത് മെമ്പർമാർ ചടങ്ങ് ബഹിഷ്കരിച്ചു. ആറ് കോൺഗ്രസ് അംഗങ്ങൾ, മൂന്ന് ബി.ജെ.പി അംഗങ്ങൾ, രണ്ട് എസ്.ഡി.പി.ഐ അംഗങ്ങൾ എന്നിവരാണ് ജനകീയ സമിതിയുടെ ആഹ്വാനപ്രകാരം പരിപാടി ബഹിഷ്കരിച്ചത്. എന്നാൽ കോൺഗ്രസ് നേതാവായ പഞ്ചായത്ത് പ്രസിഡന്റും മറ്റൊരും കോൺഗ്രസ് അംഗവും എൽ.ഡി.എഫ് അംഗങ്ങളും പങ്കെടുത്തു.
ഖരമാലിന്യ സംസ്കരണ പ്ലാന്റ്:
മന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം
എടയാറിൽ ഖരമാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുവാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് സ്ഥലം എം.എൽ.എകൂടിയായ മന്ത്രി പി. രാജീവിന് നേരെ ജനകീയ സമിതി പ്രവർത്തകർ കരിങ്കൊടി വീശി. എരമം റോഡിൽ ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് സംഭവം. മന്ത്രിയുടെ വാഹനത്തിന് മുന്നിൽ ചാടിയ 19 പേരെ പൊലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റചെയ്ത് നീക്കി. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് നേരിയ തോതിൽ ലാത്തി വീശി.
അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സമരക്കാർ ബിനാനിപുരം പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. പ്രതിഷേധക്കാരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ സഞ്ചു വർഗീസ്, മനൂപ് അലി, അജയ് അലക്സ്, ഫൈസൽ തുടങ്ങിയ വാരാണ് കരിങ്കൊടി വീശിയത്. മാർച്ചിന് കോൺഗ്രസ് നേതാക്കളായ ടി.ജെ. ടൈറ്റസ്, നാസർ എടയാർ, ബിന്ദു രാജീവ്, ഫൈസൽ, ഷിയാസ്, മഹേഷ്, നൗഷാദ് എന്നിവർ നേതൃത്വം നൽകി.