മൂവാറ്റുപുഴ: മാറാടി വനിതാസംഘത്തിന്റെ പ്രവർത്തന മികവിനുള്ള അംഗീകാരമാണ് തുടർച്ചയായി ലഭിക്കുന്ന അവാർഡുകളെന്ന് സംഘം പ്രസിഡന്റ് ലീലാ കുര്യൻ പത്രസമ്മേളനത്തിൽ പറഞ്ഞു. എറണാകുളം ജില്ലയിലെ ഏറ്റവും മികച്ച വനിതാസംഘമായി വനിതാഫെഡ് തിരഞ്ഞെടുത്ത മാറാടി വനിതാസംഘത്തിനുള്ള അവാർഡ് വനിതാദിനത്തിൽ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വച്ച് സഹകരണമന്ത്രി വി.എൻ. വാസവൻ, മന്ത്രി ആന്റണി രാജു എന്നിവരിൽനിന്ന് സംഘം പ്രസിഡന്റ് ലീലകുര്യൻ, സെക്രട്ടറി പി.ആർ. ശ്രീവിദ്യ, വനിതാഫെഡ് ജില്ലാ ഡയറക്ടർ മേരിജോർജ് തോട്ടം എന്നിവർചേർന്ന് ഏറ്റുവാങ്ങി. 2007ൽ 75 അംഗങ്ങളും 10,000 രൂപ നിക്ഷേപവുമായി തുടങ്ങിയ മാറാടി പഞ്ചായത്ത് വനിതാസഹകരണസംഘം 14വർഷത്തെ പ്രവർത്തനത്തിനിടയിൽ കരസ്ഥമാക്കിയ നേട്ടങ്ങൾ നിരവധിയാണ്.
വനിതകളുടെ സഹകരണസ്ഥാപനമെന്ന നിലയിൽ സ്ത്രീകളുടെ ഉന്നമനത്തിനുള്ള പദ്ധതികൾക്ക് ഉൗന്നൽ നൽകുന്നു. സംഘത്തിന്റെ പ്രവർത്തന പരിധിയിൽ വരുന്ന മാറാടി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ, സി.ഡി.എസ്, എ.ഡി.എസ് യൂണിറ്റുകളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. സംഘം ജനങ്ങളുടെ ഇടയിൽ ഉണ്ടാക്കിയെടുത്ത സ്വാധീനത്തിന്റെ ഫലമായി വിവിധ നിക്ഷേപ സ്‌കീമുകൾക്ക് രൂപംനൽകി. സ്ഥിരനിക്ഷേപം, സേവിംഗ്‌സ് ബാങ്ക് നിക്ഷേപം, ജൂനിയർ എസ്.ബി, ഡെയിലി ഡെപ്പോസിറ്റ്‌സ്‌കീം എന്നിവയാണ് പ്രധാന നിക്ഷേപപദ്ധതികൾ. വിവിധ നിക്ഷേപപദ്ധതികളിലായി സംഘത്തിന് ഇതുവരെ 4.81കോടി രൂപ നിക്ഷേപമുണ്ട്. 5000രൂപ മുതൽ 1,00,000 വരെ വായ്പയും കൊടുക്കുന്നുണ്ട്. 2.18 കോടി രൂപ വായ്പയായി നൽകിയിട്ടുണ്ട്. കുടുംബശ്രീക്ക് കീഴിൽ തുടങ്ങിയിരിക്കുന്ന പൈൻശ്രീ പൈനാപ്പിൾ യൂണിറ്റിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്കുള്ള വായ്പ നൽകിയിരിക്കുന്നതും സംഘമാണ്. തയ്യൽ യൂണിറ്റുകൾ, കറിപൗഡർ നിർമ്മാണ യൂണിറ്റ് തുടങ്ങി പലതരം യൂണിറ്റുകൾക്കും കൈത്തൊഴിലായി വീടുകളിലിരുന്ന് ജോലിചെയ്യുന്ന നിരവധി വീട്ടമ്മമാർക്കും സംഘം വായ്പനൽകിവരുന്നു.
സമ്പൂർണ്ണ മുട്ടഗ്രാമം എന്ന ആശയംഉൾക്കൊണ്ട് മുട്ടക്കോഴി വായ്പാപദ്ധതിപ്രകാരം കോഴിയും കുടുംബവായ്പയായി നൽകി. പ്ലാസ്റ്റിക്ക് നിർമ്മാർജ്ജനത്തിനായി പേപ്പർ കാരിബാഗ്, തുണിസഞ്ചി നിർമ്മാണം എന്നീ യൂണിറ്റുകൾ വിജയകരമായി നടത്തിവരുന്നുണ്ട്. 30 സ്ത്രീകൾക്ക് നേരിട്ടും 20 സ്ത്രീകൾക്ക്പരോക്ഷമായും തൊഴിൽ നൽകിവരുന്നു. വനിതാഫെഡിൽ നിന്ന് വായ്പയെടുത്ത് നീതിമെഡിക്കൽ സ്റ്റോർആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് സംഘം. ഒമ്പതംഗ ഭരണസമിതിയാണ് സംഘത്തെ നയിക്കുന്നത്. സംഘം സെക്രട്ടറി ശ്രീവിദ്യ പി.ആർ, വനിതാഫെഡ് ഡയറക്ടർ മേരി ജോർജ് തോട്ടം എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.