കളമശേരി: പെട്ടി ഓട്ടോറിക്ഷയിൽ കൊണ്ടുപോയ തടി തലയിൽ തട്ടി ഫാക്ട് കസ്തൂർബ സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്കേറ്റു. ഏലൂർ നോർത്ത് തൈത്തിലേടത്ത് വീട്ടിൽ ഫൈസലിന്റെ മകൾ ഫമ ബീവി (9)ക്കാണ് പരിക്ക്.

വെള്ളിയാഴ്ച വൈകിട്ട് 4.30ന് ഏലൂർ വെട്ടുകടവ് റോഡിലൂടെ ഓവർലോഡ് കയറ്റി വന്ന വാഹനത്തിൽ നിന്ന് പുറത്തേക്കു നീണ്ടു നിന്ന തടി സ്കൂൾ ബസ്സിൽ വന്നിറങ്ങി നിൽക്കുകയായിരുന്ന വിദ്യാർത്ഥിനിയുടെ തലയിൽ തട്ടുകയായിരുന്നു. റോഡിൽ വീണ കുട്ടിയുടെ ബോധം നഷ്ടപ്പെട്ടു. രക്തം വാർന്നൊഴുകുന്ന നിലയിൽ നാട്ടുകാർ മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച കുട്ടിയെ നില ഗുരുതരമായതിനാൽ ഇടപ്പള്ളിയിലെ ആശുപത്രിയിലേക്ക് മാറ്റി. നിറുത്താതെ പോയ ഓട്ടോറിക്ഷ വെട്ടുകടവിലെ യുവാക്കൾ പിന്തുടർന്ന് ഐ.ആർ.ഇ കമ്പനി പരിസരത്ത് വച്ച് പിടികൂടി. ഡ്രൈവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. ഡ്രൈവർ മഞ്ഞുമ്മൽ അറയ്ക്കൽ ലോഡ്ജിൽ താമസിക്കുന്ന സദാശിവനെതിരെ ഏലൂർ പൊലീസ് കേസെടുത്തു.