അങ്കമാലി: ശ്മശാന നിർമ്മാണവുമായി ബന്ധപ്പെട്ട് സി.പി.എം നടത്തിയ സമരം അപക്വവും പ്രാകൃത സമരാഭാസവുമാണെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ലതിക ശശികുമാർ കുറ്റപ്പെടുത്തി. 1982ൽ ഒന്നാം വാർഡിൽ അമ്പത്തിരണ്ട് സെന്റ് സ്ഥലം പൊതുശ്മശനത്തിനായി വാങ്ങിയെങ്കിലും പിന്നെ ഭരണത്തിലിരുന്ന എൽ.ഡി.എഫ് ഭരണസമിതി ഒരുകാര്യവും ചെയ്യാതെ ഒളിച്ചുകളിക്കുകയായിരുന്നു. എന്നാൽ 2010ൽ വന്ന യു.ഡി.എഫ് ഭരണസമിതി ഈ സ്ഥലം പോക്കുവരവ് നടത്തി കെട്ടി സംരക്ഷിച്ചു. 25 അടിയിലേറെ പൊക്കമുള്ള കുന്നിൻപ്രദേശമായ ഈ ഭൂമിയിൽ മണ്ണ് മാറ്റിയാൽ മാത്രമേ ശ്മശാനത്തിന്റെ നിർമ്മാണം തുടങ്ങുവാൻ സാധിക്കുകയുള്ളു. അതിന്റെ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ നടത്തി കിഫ്ബി വഴി ഒരുകോടിരൂപ ചെലവഴിച്ച് പ്രവൃത്തി തുടങ്ങാനിരിക്കെയാണ് സി.പി.എം സമരാഭാസം നടത്തിയതെന്നും കറുകുറ്റിയിലെ ജനങ്ങൾ ഇത് തിരിച്ചറിയുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.