കോലഞ്ചേരി: പാസ് ദുരുപയോഗം ചെയ്ത് മണ്ണ് കടത്തിയ രണ്ട് ലോറികൾ ലോഡുമായി കുന്നത്തുനാട് പൊലീസ് പിടികൂടി. വെസ്റ്റ് മോറക്കാലയിൽ നിന്നാണ് മണ്ണ് കടത്തിയത്. വെമ്പിള്ളി സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനങ്ങൾ. പുത്തൻപള്ളിയിൽനിന്ന് ചെല്ലാനത്തേക്കും പാതാളത്തിലേക്കും മണ്ണ് കൊണ്ടുപോകുന്നതിനായിരുന്നു പാസ് ഉണ്ടായിരുന്നത്. ഇതിന്റെ മറവിലാണ് വെസ്റ്റ് മോറക്കാലയിൽ മണ്ണടിച്ചത്. ഈ മേഖലയിൽ അനധികൃത മണ്ണെടുപ്പ് നടക്കുന്നുവെന്ന വിവരത്തെ തുടർന്ന് പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടക്കുന്നതിനിടയിലാണ് വാഹനം പിടികൂടുന്നത്. എ.എസ്.പി അനൂജ് പലിവാൽ, ഇൻസ്‌പെക്ടർ വി.ടി. ഷാജൻ, എസ്.സി.പി.ഒമാരായ പി.എ. അബ്ദുൽ മനാഫ്, പി.എം. നിഷാദ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.