കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ട്, രണ്ടാം പ്രതി സൈജു എം. തങ്കച്ചൻ എന്നിവരെ അറസ്റ്റു ചെയ്യാൻ പൊലീസ് വ്യാപകമായ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. റോയ് രണ്ടു ദിവസത്തിനകം കീഴടങ്ങുമെന്ന് സൂചനയുണ്ടെന്ന് പൊലീസ് പറഞ്ഞു.

റോയ് സമർപ്പിച്ച മുൻകൂർ ജാമ്യഹർജി സുപ്രീം കോടതിയും തള്ളിയ സാഹചര്യത്തിലാണ് അറസ്റ്റിന് പൊലീസ് ശ്രമം ആരംഭിച്ചത്. ഇയാളുടെ വീട്ടിലും സ്ഥാപനങ്ങളിലും മറ്റും തെരിച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഏതാനും ദിവസം മുമ്പ് ഇയാൾ വീട്ടിലുണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇയാൾ വിദേശത്തേക്കോ അയൽസംസ്ഥാനങ്ങളിലേക്കോ മുങ്ങിയതായും സംശയമുണ്ട്.

കോഴിക്കോട് സ്വദേശിനി നൽകിയ പരാതിയിലാണ് റോയിക്കും സൈജുവിനുമെതിരെ കേസെടുത്തത്. 2021 ഒക്ടോബറിൽ റോയിയുടെ ഉടമസ്ഥതയിലുള്ള ഫോർട്ടുകൊച്ചിയിലെ നമ്പർ 18 ഹോട്ടലിലെത്തിയ തന്നെയും മകളെയും പീഡിപ്പിച്ചെന്നാണ് പരാതി. കേസിലെ മൂന്നാം പ്രതിയായ അഞ്ജലി റീമാദേവിനൊപ്പമാണ് അമ്മയും മകളും ഹോട്ടലിലെത്തിയത്.

നഗരത്തിലെ വിവിധ സ്റ്റേഷനുകളിലായി റോയ് വയലാട്ടിനെതിരെ 13 കേസുകൾ നിലവിലുണ്ട്. സൈജു തങ്കച്ചനെതിരെ 10 കേസുകളുമുണ്ട്. റോയിയുടെ ഹോട്ടൽ മയക്കുമരുന്ന് സുലഭമായി ഒഴുക്കുന്ന പാർട്ടികളുടെ കേന്ദ്രമാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു.