ആലുവ - മൂന്നാർ റോഡ് വികസന ആക്ഷൻ കൗൺസിൽ രൂപീകരിച്ചു

ആലുവ: നിർദ്ദിഷ്ട ആലുവ - മൂന്നാർ നാലുവരിപ്പാതയുടെ നിർമ്മാണത്തിന്റെ ആദ്യഘട്ടം ആലുവ കാരോത്തുകുഴി കവലയ്ക്കു സമീപത്തു നിന്ന് 6.5 കിലോമിറ്റർ ദൂരത്തിൽ എം.ഇ.എസ് കവല വരെയാണെന്ന പ്രചരണം വ്യാപകമായതോടെ പ്രതിഷേധവുമായി ഭൂവുടമകൾ. റോഡ് വികസനം പ്രദേശത്തെ ചില വ്യവസായികളെ സഹായിക്കാനാണെന്ന് സംശയിക്കുന്നതായി ആലുവയിൽ കൂടിയ ഭൂവുടമകളുടെ യോഗം ആരോപിച്ചു.

യാത്രക്കാർക്ക് പ്രയോജനപ്രദമാകണമെങ്കിൽ റോഡ് വികസനം റെയിൽവേ സ്റ്റേഷൻ കവലയിലെ സീറോ പോയിന്റിൽ നിന്നും തുടങ്ങണം. റോഡ് വികസനം ആവശ്യമാണെന്നും എന്നാൽ നാലുവരിപ്പാത അനാവശ്യമാണെന്നും യോഗം വിലയിരുത്തി. നിർദ്ദിഷ്ട നാലുവരിപ്പാത നഗരത്തിന്റെ തിരക്കുള്ള മേഖലകളെ സ്പർശിക്കാതെ ദേശീയപാതയിൽ സംഗമിക്കുമെന്നാണ് പറയുന്നത. ആറു കിലോമീറ്ററിനുള്ളിലേക്ക് ആദ്യഘട്ടത്തിൽ വികസനം ചുരുക്കുന്നത് വൻകിട കമ്പനികളെ സഹായിക്കാനാണെന്നാണ് ഭൂവുടമകളുടെ ആരോപണം. നിർദ്ദിഷ്ട എയർപോർട്ട് - സീപോർട്ട് റോഡിന്റെ പ്രയോജനം ചരക്കുഗതാഗതത്തിനും ലഭിക്കും. എന്നിട്ടും അനാവശ്യമായി നാലുവരിപ്പാതയ്ക്ക് ശ്രമം നടത്തുകയാണ്.
നാലുവരിപ്പാതക്കായി ഭൂവുടമകൾക്ക് മാർക്കറ്റു വിലയേക്കാൾ മൂന്നിരട്ടി വില നൽകുമെന്നത് അവശ്വാസനീയമാണ്. മുൻകാല അനുഭവംവെച്ച് ഈ വാഗ്ദാനം ഭൂവുടമകളെ ആകർഷിക്കുന്നില്ലെന്നും യോഗം ചൂണ്ടികാട്ടി. ആലുവയിൽ നിന്നും ആരംഭിക്കുമെന്ന് പറയുന്ന റോഡ് നിർമ്മാണം ഏതെങ്കിലും വ്യവഹാരം മൂലമോ മറ്റോ നിന്നുപോയാൽ ഭൂവുടമകൾ വെട്ടിലാവും. അതിനാൽ മുഴുവൻ ഭൂവടമകൾക്കും ഭൂവിലയും നഷ്ടപരിഹാരവും മുഴുവനായും കൊടുത്തു തീർത്തശേഷമേ നിർമ്മാണ പ്രവർത്തനം തുടങ്ങാവുവെന്നും ആദ്യഘട്ട നിർമ്മാണം തങ്കളത്തു നിന്നും തുടങ്ങുന്നതാണ് ഉചിതമെന്നും ആലുവ - മൂന്നാർ റോഡ് വികസന ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. പ്രതീഷ് ചാക്കോ, ഡോ. ഷാജഹാൻ, പി.സി. ടോമി, ബാബു കെ. വർഗ്ഗീസ്, ബെന്നി മാത്യു. എൻ.വി. പീറ്റർ, ജാനീഷ് കുമാർ, ഡിക്‌സി റാഫേൽ എന്നിവരുടെ നേതൃത്വത്തിലാണ് ആക്ഷൻ കൗൺസിൽ രൂപീകരിച്ചത്.