കൊച്ചി: കർഷകന്റെ കണ്ണ് നിറഞ്ഞാൽ ലോകം കരയേണ്ടിവരുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. കർഷകരുടെ മനസ് നിറഞ്ഞാലേ നമ്മുടെ വയർ നിറയൂ.
മികച്ച ഏലം കർഷകർക്കുള്ള സ്‌പൈസസ് ബോർഡിന്റെ പുരസ്‌കാരങ്ങൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
യഥാർത്ഥ കർഷകന് ആനുകൂല്യങ്ങൾ ലഭിക്കും വിധം ഇൻഷ്വറൻസ് സ്‌കീമുകൾ ഏകോപിപ്പിക്കണം. അനാവശ്യ വളപ്രയോഗവും കീടനാശിനികളുടെ പ്രയോഗവും ഒഴിവാക്കിയേ മതിയാവൂവെന്ന് അദ്ദേഹം പറഞ്ഞു.
സ്‌പൈസസ് ബോർഡ് ചെയർമാൻ എ.ജി. തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. എം.പി.മാരായ ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, ടി.ജെ. വിനോദ് എം.എൽ.എ, വൈസ് ചെയർമാൻ സ്റ്റാനി പോത്തൻ, അഗ്രിക്കൾച്ചറൽ ഇൻഷ്വറൻസ് കോർപ്പറേഷൻ ചെയർമാൻ മലയ്‌കുമാർ പൊദ്ദാർ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ഡി. സത്യൻ ആമുഖപ്രഭാഷണം നടത്തി. ഡോ. എ.ബി. രമശ്രീ സ്വാഗതവും ബി. വെങ്കടേശൻ നന്ദിയും പറഞ്ഞു.
2019 - 20 ൽ ഏലം ഉത്പാദനത്തിൽ മികവ് കാട്ടിയ മനോജ് കുമാർ, ടിജു പി. ജോസഫ്, 2020 - 21 മികച്ച കർഷകരായി തിരഞ്ഞെടുക്കപ്പെട്ട കെ.പി.എൻ. കൃഷ്ണൻ കുട്ടി നായർ, സുജ ജോണി, പൗളി മാത്യു എന്നിവർക്കും ജൈവ ഏലം ഉത്പാദനത്തിൽ 2020 - 2021 ലെ ജേതാവ് ഡോ. സുസിട്ര ഇളങ്കോയ്ക്കും ഇന്റർനാഷണൽ പെപ്പർ കമ്മ്യൂണിറ്റിയുടെ മികച്ച കുരുമുളക് കർഷകൻ ജോമി മാത്യുവിനും സമ്മാനങ്ങൾ വിതരണം ചെയ്തു.