വൈപ്പിൻ: ഗ്രാമീണ, കായൽ ടൂറിസംവികസന പദ്ധതി ഉൾപ്പെടെയുള്ള സംസ്ഥാന ബഡ്ജറ്റ് പ്രഖ്യാപനങ്ങളും നിർദ്ദേശങ്ങളും വൈപ്പിൻ നിയോജകമണ്ഡലത്തിന്റെ വൻവികസനം ഉറപ്പാക്കുമെന്ന് കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ പറഞ്ഞു. കടമക്കുടി ഉൾപ്പെടെ വൈപ്പിൻ നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഗ്രാമീണ കായൽ ടൂറിസം പദ്ധതിക്ക് ഒരുകോടി അറുപത് ലക്ഷം രൂപ പ്രാഥമിക വിഹിതമായി വകയിരുത്തിയിട്ടുണ്ട്. മൊത്തം എട്ടുകോടി രൂപയുടേതാണ് പദ്ധതി. ഇതിനൊപ്പം നേരത്തെ നിർദ്ദേശിക്കപ്പെട്ട ടൂറിസം കോറിഡോർ പദ്ധതിയും കൂടുതൽ വിപുലമായി മുന്നോട്ടുകൊണ്ടുപോകാനാകും.
ക്ഷീര വികസനത്തിന്റെ ഭാഗമായി ആംബുലേറ്ററി ലാബും വന്ധ്യതാക്ലിനിക്കും ചാണക സംസ്‌കരണ യൂണിറ്റും ആരംഭിക്കുന്ന പദ്ധതിക്ക് മുപ്പതുലക്ഷം രൂപയാണ് പ്രാഥമിക വിഹിതമായി നീക്കിവച്ചിരിക്കുന്നത്. മൊത്തം ഒന്നര കോടി രൂപയുടേതാണ് പദ്ധതി.
ചെറായി തുണ്ടിടപ്പറമ്പിൽ സഹോദരൻ അയ്യപ്പന്റെ നേതൃത്വത്തിൽ നടന്ന വിപ്ലവകരമായ മിശ്രഭോജനത്തിന്റെ ചിരസ്മരണ നിലനിർത്തുന്നതിന് സ്മാരകം നിർമ്മിക്കുന്നതിന് പ്രാഥമിക വിഹിതമായി 14 ലക്ഷം രൂപയാണ് നീക്കിവയ്പ്പ്. മൊത്തം 70 ലക്ഷം രൂപയാണ് അടങ്കൽ തുക. ദീർഘകാലത്തെ ആവശ്യം സാക്ഷാത്കരിക്കപ്പെടാൻ ഇതോടെ അവസരമൊരുങ്ങി. ചെറായിയിൽ പണ്ഡിറ്റ് കറുപ്പൻ സ്മാരകമന്ദിരത്തിന് അധിക തുകയായി 12 ലക്ഷം രൂപ ബഡ്ജറ്റിൽ പ്രാഥമികമായി അനുവദിച്ചു. 60 ലക്ഷം രൂപയാണ് അടങ്കൽ തുക.