കൊച്ചി: ടാറ്റൂ ചെയ്യാനെത്തിയ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ സുജീഷ് പി.എസിനെതിരെ ഒരു വിദേശവനിതയും പരാതി നൽകി. ഇടപ്പള്ളിയിലെ ഇങ്ക്ഫെക്ടഡ് സ്റ്റുഡിയോയിൽ വച്ച് സുജീഷ് ഉപദ്രവിച്ചെന്ന് സ്‌പെയിനിൽ നിന്ന് ഇ-മെയിൽ വഴി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ പറയുന്നു.
2019ൽ പഠനത്തിനായി കൊച്ചിയിൽ എത്തിയ യുവതി സുജീഷിന്റെ സ്റ്റുഡിയോയിൽ ടാറ്റൂ വരയ്ക്കാനെത്തിയപ്പോഴാണ് പീഡനത്തിന് ഇരയായത്.
പരാതിയുടെ വിശദാംശം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. പരാതിക്കാരിയിൽ നിന്ന് കൂടുതൽ വിവരം ലഭിച്ചശേഷമേ കേസ് രജിസ്റ്റർ ചെയ്യൂവെന്ന് പൊലീസ് അറിയിച്ചു.
സുജീഷിനെതിരെ ചേരാനല്ലൂർ, പാലാരിവട്ടം സ്റ്റേഷനുകളിലായി ഇതുവരെ ആറു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ടാറ്റൂ വരയ്ക്കുന്നതിനിടെ സുജീഷ് ബലാത്സംഗം ചെയ്തെന്ന് ഒരു യുവതി സമൂഹമാദ്ധ്യമത്തിൽ വെളിപ്പെടുത്തിയതിനെ തുടർന്നാണ് മറ്റു യുവതികൾ കമ്മിഷണർക്ക് പരാതി നൽകിയത്.