നെടുമ്പാശേരി: കിണറ്റിൽവീണ ആടിനെ രക്ഷിക്കാനിറങ്ങിയാളും അദ്ദേഹത്തെ രക്ഷിക്കാനിറങ്ങിയ മകനും കിണറ്റിൽ കുടുങ്ങി. ഫയർഫോഴ്സ് എത്തിയാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെ കുന്നുകര അയിരൂരിലാണ് സംഭവം. ആട് കിണറ്റിൽ വീണതിനെത്തുടർന്ന് അയിരൂർ മാളിയേക്കൽ വീട്ടിൽ എം.അയപ്പൻ (63) കിണറ്റിൽ ഇറങ്ങുകയായിരുന്നു. തുടർന്ന് ഇദ്ദേഹത്തിന് ശ്വാസതടസ്സം അനുഭവപ്പെടുകയും തിരികെ കയറാനാകാതെ വരികയുംചെയ്തു. ഇത് കണ്ട് മകൻ അനീഷ് (34) അച്ഛനെ രക്ഷിക്കാൻ ഇറങ്ങിയെങ്കിലും കരയ്ക്ക് കയറ്റാൻ കഴിഞ്ഞില്ല. തുടർന്ന് അങ്കമാലി ഫയർ സ്റ്റേഷൻ അസി. സ്റ്റേഷൻ ഓഫീസർ എൻ.ജിജിയുടെ നേതൃത്വത്തിൽ സംഭവസ്ഥലത്തെത്തി,​ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എം.രാമചന്ദ്രൻ കിണറ്റിലിറങ്ങി ഇരുവരെയും രക്ഷപ്പെടുത്തി. അയ്യപ്പനെ തൊട്ടടുത്തുള്ള ചാലാക്ക മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.