
കോലഞ്ചേരി: 1808-09 കാലഘട്ടത്തിൽ മലങ്കരസഭയുടെ പ്രധാന മേലദ്ധ്യക്ഷനായിരുന്ന ഏഴാം മാർത്തോമയുടെ കബറിടം കോലഞ്ചേരിയിൽ കണ്ടെത്തി. സഭാതർക്കത്തിനിടെ വിസ്‌മൃതിയിലാണ്ടുപോയ മേലദ്ധ്യക്ഷന്റെ സ്‌മൃതികുടീരം 10 വർഷത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് കണ്ടെത്തിയത്. കോലഞ്ചേരി പള്ളിമുറ്റത്ത് നവീകരണ പ്രവർത്തനത്തിനായി മണ്ണ് മാറ്റിയപ്പോഴാണ് വെട്ടുകല്ലിലുണ്ടാക്കിയ കല്ലറയും അസ്ഥികളും മൃതശരീരം മൂടിയ കുന്തിരിക്കത്തിന്റെ അവശിഷ്ടവും കണ്ടെത്തിയത്.
1809 ജൂലായ് 4നാണ് മാർത്തോമ ഏഴാമന്റെ ഭൗതികദേഹം കോലഞ്ചേരി പള്ളിയിൽ കബറടക്കിയത്. തുടർന്നുള്ള വർഷങ്ങളിൽ വിശ്വാസിസമൂഹം മാർത്തോമയുടെ ഓർമ്മദിനം ആചരിക്കാറുണ്ടായിരുന്നു. സഭാതർക്കവും കേസുമായപ്പോൾ മാർത്തോമസ്മരണയും വിസ്മൃതിയിലായി.
തോമസ് പക്കോമിയോസ് എഴുതിയ ' മുറിമറ്റത്തിൽ ബാവ, മലങ്കരയുടെ ഒന്നാം കാതോലിക്ക' എന്ന പുസ്തകത്തിൽ ഏഴാം മാർത്തോമയുടെ കബറിനെക്കുറിച്ച് പരാമർശിച്ചിരുന്നു. കോലഞ്ചേരി പള്ളിയുടെ വടക്കുവശത്തുണ്ടായിരുന്ന തണ്ടികയുടെ കിഴക്കേ അറ്റത്ത് എന്നായിരുന്നു കല്ലറയെക്കുറിച്ച് ഗ്രന്ഥത്തിൽ പരാമർശിച്ചിരുന്നത്. ഇക്കാര്യം സ്ഥിരീകരിക്കാൻ പള്ളിമുറ്റത്തുണ്ടായിരുന്ന ഒരു ശവകുടീരത്തെപ്പറ്റിയും അതിൽ സ്ഥാപിച്ചിരുന്ന കരിങ്കൽ ശിലാപാളിയെപ്പറ്റിയും പഴമക്കാരും പറയാറുണ്ടായിരുന്നു. പുസ്തകത്തിൽ പ്രതിപാദിച്ച കല്ലറയാണ് ഇപ്പോൾ കണ്ടെത്തിയത്. കല്ലറയിലെ തിരുശേഷിപ്പ് അതേസ്ഥലത്ത് അടക്കം ചെയ്തശേഷം പുതിയ കല്ലറയുടെ നിർമ്മാണവും ആരംഭിച്ചു.
മലങ്കരസഭയിലെ തദ്ദേശീയ മെത്രാന്മാരുടെ ശ്രേണിയിൽപ്പെട്ട ഏഴാം മാർത്തോമ പാലാ കുറിച്ചിത്താനം പകലോമറ്റം പള്ളിവടക്കേടത്ത് കുടുംബാംഗമാണ്. 1808 ഏപ്രിൽ 8ന് മാർത്തോമ ആറാമൻ കാലം ചെയ്തതിനെത്തുടർന്നാണ് അദ്ദേഹം സഭാധിപനായത്. മലങ്കരസഭയിലെ 'വട്ടിപ്പണം' എന്നറിയപ്പെടുന്ന ചാരിറ്റി ഫണ്ടിന്റെ ഉപജ്ഞാതാവും ഏഴാം മാർത്തോമയായിരുന്നു.