sree

കൊച്ചി: കാൻസർ ചികിത്സാരംഗം നവീകരിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കാൻസർ ചികിത്സ കാര്യക്ഷമമാക്കാൻ ബഡ്‌ജറ്റിൽ കൂടുതൽ തുക വകയിരുത്തി. രോഗികളുടെ എണ്ണം നാൾക്കുനാൾ കൂടുന്ന സാഹചര്യത്തിൽ സ്വകാര്യമേഖലയുടെ കൂടി പിന്തുണ അത്യന്താപേക്ഷികമാണെന്ന് മന്ത്രി പറഞ്ഞു.

എറണാകുളം ശ്രീസുധീന്ദ്ര മെഡിക്കൽ മിഷൻ ആശുപത്രിയിൽ സന്നദ്ധ സംഘടനയായ കാർക്കിനോസിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന കാൻസർ ചികിത്സാവിഭാഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കീമോതെറാപ്പി സെന്ററിന്റെ ഉദ്ഘാടനം ടി.ജെ. വിനോദ് എം.എൽ.എ നിർവ്വഹിച്ചു. കാർക്കിനോസ് സെന്റർ ഡയറക്ടർ ഡോ. മോനി എബ്രാഹം കുര്യാക്കോസ്, ആശുപത്രി ബോർഡ് പ്രസിഡന്റ് രത്‌നാകര ഷേണായി, ജനറൽ സെക്രട്ടറി മനോഹർ പ്രഭു, മെഡിക്കൽ ഡയറക്ടർ ഡോ.എം.ഐ. ജുനൈദ് റഹ്മാൻ, മെഡിക്കൽ സൂപ്രണ്ട് ഡോ.രമാനന്ദ പൈ, കൊച്ചി കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ. റെനീഷ്, കൗൺസിലർ സുധ ദിലീപ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ആശുപത്രിയുടെ 50-ാം വാർഷികത്തിന്റെ ഭാഗമായാണ് കാൻസർ ചികിത്സാ കേന്ദ്രം തുടങ്ങിയത്.