df

കൊച്ചി: വേനൽ കനത്തതോടെ കൊടുംചൂടിൽ കൊച്ചിയും വെന്തുരുകുന്നു. 35 ഡിഗ്രി സെൽഷ്യസ് വരെ ചൂടുയർന്നതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജനജീവിതം ദുസഹമായി. പൊതുയിടങ്ങളിലെ തൊഴിലാളികൾ മുതൽ കാൽനട യാത്രക്കാർ വരെ ചൂടിൽ ക്ളേശിക്കുകയാണ്. ശനി, ഞായർ ദിവസങ്ങളിൽ രണ്ടു ഡിഗ്രി വരെ ചൂടാണ് സംസ്ഥാനത്ത് വർദ്ധിച്ചത്. കാലാവസ്ഥാവകുപ്പ് ചൂട് ഉയരുമെന്ന് മുന്നറിയിപ്പ് നൽകിയ ജില്ലകളിൽ എറണാകുളം ഉൾപ്പെടുന്നില്ലെങ്കിലും രണ്ടുദിവസമായി ചൂട് രൂക്ഷമാണ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ചൂട് വർദ്ധിക്കുമെന്നായിരുന്നു മുന്നറിയിപ്പ്.

ജില്ലയിൽ ഈയാഴ്ച 25 മുതൽ 32 ഡിഗ്രി വരെ ചൂട് അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്. കൊച്ചി വിമാനത്താവളത്തിൽ ഇന്നലെ രേഖപ്പെടുത്തിയ കുറഞ്ഞ താപനില 25.2 ഉം കൂടിയ താപനില 35.8 ഉം ഡിഗ്രി സെൽഷ്യസായിരുന്നു. വരുംദിവസങ്ങളിലും ചൂടിന് കുറവുണ്ടാകില്ലെന്നാണ് പ്രവചനം. ജില്ലയിൽ ശനിയാഴ്ച. 32 ഡിഗ്രി സെൽഷ്യസ് ചൂടാണ് അനുഭവപ്പെട്ടത്. 25.2 ഡിഗ്രിയായിരുന്നു കുറഞ്ഞ ചൂട്.

വരണ്ട കാലാവസ്ഥയും കഴിഞ്ഞ മഴക്കാലത്ത് പെയ്ത മഴയുടെ അളവിലുണ്ടായ കുറവുമാണ് ചൂട് വർദ്ധിക്കാൻ കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നു. സാധാരണ ലഭിക്കുന്നതിൽ 33 ശതമാനം കുറവ് മഴയാണ് ലഭിച്ചത്. കാറ്റിന്റെ കുറവും ചൂട് വർദ്ധിക്കാൻ കാരണമായിട്ടുണ്ട്.

 ജില്ലയാകെ ചൂടിൽ

ജില്ലയുടെ മുഴുവൻ പ്രദേശങ്ങളിലും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. രാവിലെ ഒൻപതോടെ തന്നെ ചൂട് രൂക്ഷമാകുന്നുണ്ട്. ഉച്ചസമയങ്ങളിൽ വലിയ ചൂടാണ്. ചൂട് കടുത്തതോടെ പൊതുസ്ഥലങ്ങളിൽ ആളുകൾ കുറഞ്ഞു. കൊവിഡിന് ശേഷം സജീവമായ എറണാകുളം മറൈൻഡ്രൈവ്, ഫോർട്ടുകൊച്ചി ബീച്ച് തുടങ്ങിയ കേന്ദ്രങ്ങളിൽ ആളുകൾ കുറഞ്ഞു. വൈകുന്നേരങ്ങളിൽ ചൂട് കുറഞ്ഞാലാണ് ജനങ്ങൾ എത്തുന്നത്.

ചൂട് കടുത്തത് നിർമ്മാണമേഖലയെ ബാധിച്ചതായി കരാറുകാർ പറഞ്ഞു. ഫ്ളാറ്റ്, മറ്റു കെട്ടിടങ്ങൾ എന്നിവയുടെ നിർമ്മാണസ്ഥലത്ത് തൊഴിലാളികൾ കുറഞ്ഞു. ചൂട് വർദ്ധിക്കുമ്പോൾ തൊഴിൽവകുപ്പിന്റെ നിർദ്ദേശപ്രകാരം വിശ്രമിക്കാനും ദാഹം തീർക്കാൻ ആവശ്യത്തിന് വെള്ളം ലഭ്യമാക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.

 തണുപ്പ് തേടി യാത്രകൾ

ചൂട് പെരുകിയതോടെ തണുപ്പ് ലഭിക്കുന്ന പ്രദേശങ്ങളിലേയ്ക്ക് യാത്രകൾ സജീവമായി. മൂന്നാറിലേയ്ക്കും ആലപ്പുഴയിലേയ്ക്കുമാണ് എറണാകുളം സ്വദേശികൾ കൂടുതൽ യാത്ര ചെയ്യുന്നത്. ജില്ലയുടെ കിഴക്കൻ പ്രദേശമായ കുട്ടമ്പുഴ, ഭൂതത്താൻകെട്ട് തുടങ്ങിയ ജലസംഭരണികളും വനവുമുള്ള സ്ഥലങ്ങളിലും സഞ്ചാരികൾ എത്തുന്നുണ്ട്.

വരും ദിവസങ്ങളിൽ ചൂട്, കുറഞ്ഞത്, കൂടിയത് ക്രമത്തിൽ

 തിങ്കൾ 26- 30

 ചൊവ്വ 26-30

 ബുധൻ 26- 30

 വ്യാഴം 23 -32

 വെള്ളി 25 -32

 ശനി 25 -32

 ഞായർ 25 -32