mbbs

കൊച്ചി: സപ്ളിമെന്ററിയായി പരീക്ഷകൾ ഒന്നിച്ചെഴുതി ഡോക്ടറാകാമെന്ന് ഇനി മോഹിക്കേണ്ട. ആദ്യവർഷം രണ്ടിലേറെ പരീക്ഷകളിൽ തോറ്റാൽ അതേ ക്ളാസിൽ വീണ്ടുമിരുന്ന് പഠിക്കണമെന്ന പുതിയ എം.ബി.ബി.എസ് വ്യവസ്ഥ ആയുർവേദം ഉൾപ്പെടെ മറ്റ് മെഡിക്കൽ കോഴ്സുകൾക്കും ബാധകമാക്കാൻ ആലോചന .

എം.ബി.ബി.എസ് വിദ്യാർത്ഥികൾ പരീക്ഷകളിൽ ജയിച്ചാലും ഇല്ലെങ്കിലും അടുത്ത വർഷ ക്ളാസിലേക്ക് പ്രൊമോഷൻ നൽകുന്നതായിരുന്നു മുൻരീതി. സപ്ളിമെന്ററി പരീക്ഷ എഴുതി വിജയിച്ചാൽ മതിയായിരുന്നു. കഴിഞ്ഞ വർഷത്തെ പ്രവേശനം മുതൽ ഇന്ത്യൻ മെഡിക്കൽ കമ്മിഷൻ ഇതിൽ മാറ്റം വരുത്തി.അവരുടെ ആദ്യവർഷ പരീക്ഷ അടുത്തിടെയാണ് കഴിഞ്ഞത്.ഫലം വന്നിട്ടില്ല. രണ്ടിലേറെ വിഷയത്തിൽ തോറ്റാൽ സേ പരീക്ഷ എഴുതി ജയിക്കാൻ അവസരം നൽകും. ജയിച്ചില്ലെങ്കിൽ ജൂനിയർ ബാച്ചിനൊപ്പം പഴയ ക്ളാസിൽ ഒരു വർഷം വീണ്ടും പഠിക്കണം. തുടർന്നുള്ള വർഷങ്ങളിലെ പരീക്ഷകളിലും ഇത് ബാധകമായേക്കും.

പ്രാപ്തിയുള്ള ഡോക്ടർമാരാവാൻ പാഠഭാഗങ്ങൾ യഥാസമയം ഉൾക്കൊണ്ട് പഠനം പൂർത്തിയാക്കണമെന്ന നിബന്ധനയുടെ ഭാഗമാണിത്. ബി.ഡി.എസിനും ബി.എസ് സി നഴ്സിംഗിനും നടപ്പാക്കിയിട്ടില്ല.ആയുർവേദം, ഹോമിയോ, സിദ്ധ, യുനാനി തുടങ്ങിയ മെഡിക്കൽ ബിരുദ കോഴ്സുകളിൽ നടപ്പാക്കിയേക്കും. ബന്ധപ്പെട്ടവരുടെ അഭിപ്രായങ്ങൾ സ്വീകരിച്ചശേഷമാകും ആയുഷ് കൗൺസിൽ തീരുമാനമെടുക്കുക.

ധക

പഠനം പ്രാദേശിക

ഭാഷയിലും

എം.ബി.ബി.എസ് പഠനത്തിന് ഇംഗ്ളീഷിനൊപ്പം പ്രാദേശികഭാഷയും ഉപയോഗിക്കുന്നത് ഉൾപ്പെടെ പരിഷ്‌കാരങ്ങൾ ഇന്ത്യൻ മെഡിക്കൽ കമ്മിഷൻ ചർച്ച ചെയ്യുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായാണിത്. സർവകലാശാലകൾ, കോളേജുകൾ, വിദ്യാർത്ഥികൾ തുടങ്ങിയവരിൽ നിന്ന് അഭിപ്രായങ്ങൾ ശേഖരിച്ച ശേഷം പ്രായോഗികത വിലയിരുത്തി തീരുമാനമെടുക്കും.

`ദേശീയ കൗൺസിലുകളാണ് ഇക്കാര്യങ്ങൾ തീരുമാനിക്കുന്നത്. സർവലാശാലകൾ അത് പാലിക്കണം. മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്താനാണ് ഇത്തരം നടപടികൾ.'

-ഡോ. മോഹൻ കുന്നുമ്മൽ

വൈസ് ചാൻസലർ

കേരള ആരോഗ്യ സർവകലാശാല