
കൊച്ചി: ടി. പത്മനാഭന്റെ വാക്കുകൾ അദ്ദേഹത്തിന്റെ ഉള്ളിലെ വിങ്ങലായി കാണുന്നുവെന്നും കേരളത്തിലെ ഏറ്റവും മുതിർന്ന കോൺഗ്രസുകാരന്റെ വാക്കുകളായി പുതുതലമുറ അത് ഏറ്റെടുക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
'മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിൻ മുഖം' എന്ന് പാടിയ വിദൂഷകന്മാരുള്ള രാജസദസുകളല്ല ആവശ്യം. നേതൃത്വത്തിലിരിക്കുന്നവർ തെറ്റു ചെയ്യുമ്പോൾ വിമർശിക്കുകയും ചൂണ്ടിക്കാണിക്കുകയും ചെയ്യണം. തെറ്റുകൾ തിരുത്താൻ സത്യസന്ധരായ ആളുകളുണ്ടാകണം.
നേതാക്കൾക്കുചുറ്റും കറങ്ങുന്ന ഉപഗ്രഹമാകാതെ സ്വന്തമായ വ്യക്തിത്വവും അഭിപ്രായവുമുള്ള, സംഘടനാ ചട്ടക്കൂടിൽ നിന്ന് പ്രവർത്തിക്കുന്ന ഒരു സമൂഹമാണ് വേണ്ടത്.
കോൺഗ്രസിന്റെ സാന്നിദ്ധ്യമുണ്ടെങ്കിൽ ഇന്ത്യയെ മതാധിഷ്ഠിത രാജ്യമാക്കാൻ പറ്രില്ലെന്ന് ചിലർ ഭയക്കുന്നു. അതുകൊണ്ടാണ് കോൺഗ്രസ് മുക്തഭാരതം എന്ന മുദ്രാവാക്യം ഉയരുന്നതെന്ന് സതീശൻ പറഞ്ഞു.