പള്ളുരുത്തി: ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള കുമ്പളങ്ങി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നവീകരിച്ച ലാബ് കെട്ടിടത്തിന്റെയും പുതിയ ലാബ് ഉപകരണങ്ങളുടെയും ഉദ്ഘാടനം മുൻ എം.എൽ.എ ജോൺ ഫെർണാണ്ടസ് നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ ആറുലക്ഷം രൂപ മുടക്കി പഴയ കെട്ടിടം നവീകരിച്ച് ലാബ് ആക്കി മാറ്റുകയായിരുന്നു. ജോൺ ഫെർണാണ്ടസ് അനുവദിച്ച പന്ത്രണ്ട് ലക്ഷം രൂപ മുടക്കിയാണ് പുതിയ ലാബ് ഉപകരണങ്ങൾ വാങ്ങിയത്. പുതിയ ലാബിലേക്ക് ടെലിവിഷൻ, വാട്ടർ ഡിസ്പെൻസർ, അലമാര, കസേരകൾ തുടങ്ങിയവ ഒരു ലക്ഷം രൂപയ്ക്ക് പ്രൈവറ്റ് ബാങ്കായ ഇസാഫ് നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജോബി പനക്കൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാബു തോമസ്, കെ. കെ. ശെൽവരാജ്, നിതാ സുനിൽ, പി.എ.പീറ്റർ, ഡോ. അനിലകുമാരി പഞ്ചായത്തംഗങ്ങളായ അജയൻ, സജീവ് ആന്റണി, ലില്ലി റാഫേൽ, അഡ്വ.മേരി ഹർഷ, പി.ടി.സുധീർ, ഇസാഫ് പ്രതിനിധി ജോൺ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.