പറവൂർ: കൊവിഡ് വ്യാപനത്തിന്റെ അടച്ചിടൽ കാലത്ത് തെളിഞ്ഞുവന്ന സാദ്ധ്യതകളിലൊന്ന് ജീവിതത്തിൽ മുതൽ കൂട്ടാക്കുകയാണ് പെരുമ്പടന്നയിലെ ഒരുകൂട്ടം വീട്ടമ്മമാർ. നേരമ്പോക്കിന് പലതും ചെയ്തകൂട്ടത്തിൽ അലങ്കാര ചെടികളുടെ സാദ്ധ്യത തിരിച്ചറിഞ്ഞ ചിലരാണ് പുതിയ കൂട്ടായ്മയിലൂടെ നേട്ടം കൊയ്യാനൊരുങ്ങുന്നത്.
പെരുമ്പടന്ന എച്ച്.എം.സി റസിഡന്റസ് അസോസിയേഷന്റെ കീഴിൽ കർഷക സംഘം രൂപികരിച്ചാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. വീടുകളിലും ഓഫീസുകളിലും അകത്തളങ്ങൾ മോടികൂട്ടാൻ ഇന്റോർ പ്ലാന്റുകൾക്ക് വർദ്ധിച്ചു വരുന്ന ഡിമാന്റ് മനസിലാക്കിയാണ് പുതിയ ആശയം നടപ്പിലക്കുന്നതെന്ന് പദ്ധതിക്ക് നേതൃത്വം കൊടുക്കുന്ന വി.എസ്. ബോബൻ പറഞ്ഞു. സംഘത്തിനു കീഴിൽ പരിശീലനം നേടിയ അംഗങ്ങൾ വീടുകളിൽ വളർത്തിയെടുക്കുന്ന പ്ലാന്റുകൾ സംഘം തിരിച്ചെടുത്ത് വിപണനം നടത്തുന്നതാണ് പദ്ധതി. പ്ലാന്റുകളുടെ വിതരണോദ്ഘാടനം അസോസിയേഷൻ പ്രസിഡന്റ് നീണ്ടൂർ വിജയൻ നിർവഹിച്ചു. സെക്രട്ടറി ഗണേശൻ, സംഘം സെക്രട്ടറി രമണി ഷാജി തുടങ്ങിയവർ സംസാരിച്ചു.